ജുബിന്റെ ഗ്രാൻഡ് മാസ്റ്റർ സ്വപ്നത്തിന് പണത്തിന്റെ 'ചെക്ക് '
കൊല്ലം: പതിനാറാം വയസിൽ ഗ്രാൻഡ് മാസ്റ്റർ പദവിക്ക് തൊട്ടരികിലെത്തിയ ചെസിലെ മലയാളി പ്രതീക്ഷ ജുബിൻ ജിമ്മി സാമ്പത്തിക പരാധീനതകളുടെ ചെക്ക് മറികടക്കാനാകാതെ പ്രതിസന്ധിയിൽ.
നിലവിൽ ഇന്റർനാഷണൽ മാസ്റ്ററായ ജുബിന്റെ ഏറ്റവും വലിയ മോഹമാണ് ഗ്രാൻഡ് മാസ്റ്റർ പദവി. എന്നാൽ അത് സഫലമാകാൻ മികച്ച പരിശീലനവും പണവും വേണം.
കൊല്ലം തേവള്ളി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിയാണ് ജുബിൻ.
സ്പെയിനിൽ നടന്ന ചാമ്പ്യൻഷിപ്പിനിടെയാണ് 2452 റേറ്റിംഗ് നേടി ഗ്രാൻഡ് മാസ്റ്റർ പദവിക്കരികെ എത്തിയത്. 2500 ഫിഡെ റേറ്റിംഗും മൂന്ന് നോമും സ്വന്തമാക്കിയാലേ ഗ്രാൻഡ് മാസ്റ്റർ പദവി ലഭിക്കൂ. അതിന് മികച്ച പരിശീലനവും വിവിധ രാജ്യങ്ങളിലെ ചാമ്പ്യൻഷിപ്പുകളിലെ പങ്കാളിത്തവും വേണം.
മകനെ ലോകമറിയുന്ന ചെസ് താരമാക്കാനുളള മോഹത്തിൽ പിതാവ് ജിമ്മിക്ക് ബിസിനസ് ഉപേക്ഷിക്കേണ്ടി വന്നു. ഒരു സ്വകാര്യ സ്ഥാപനത്തിൽ കിട്ടിയ ജോലിയും നഷ്ടമായി. ഇ.എസ്.ഐ ആശുപത്രിയിലെ നഴ്സായ ഭാര്യ ജയമ്മയുടെ ശമ്പളമാണ് അഞ്ചംഗ കുടുംബത്തിന്റെ ഏക വരുമാനം.
കൊല്ലം ഉളിയക്കോവിൽ ശ്രീഭദ്രാനഗറിൽ ട്വിൻസ് വില്ലയിലാണ് താമസം. ജുബിന് രണ്ട് സഹോദരങ്ങളുണ്ട്. പ്ളസ് വൺ വിദ്യാർത്ഥി ജിബിനും എട്ടാം ക്ളാസ് വിദ്യാർത്ഥി ജെബിനും
പരിശീലനത്തിന്
മാത്രം 2.50 ലക്ഷം
അന്താരാഷ്‌ട്ര പരിശീലകർക്ക് ഒരു മണിക്കൂറിന് കുറഞ്ഞത് 100 ഡോളറാണ് (8000രൂപ ) ഫീസ്. പരിശീലനത്തിനും യാത്രകൾക്കുമായി ഇതുവരെ 23 ലക്ഷത്തോളം രൂപ ചെലവായി.
മറ്റു നേട്ടങ്ങൾ
2019: സ്‌കൂൾ ഗെയിം ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ഗോൾഡ് മെഡൽ
2019: അബുദാബി ചാമ്പ്യൻഷിപ്പിൽ ഫിഡെ മാസ്റ്റർ
2021: യൂത്ത് റാപ്പിഡ് വേൾഡ് കപ്പ് മത്സരത്തിൽ പത്താം സ്ഥാനം
2022: ഹംഗറിയിൽ വെസേർ കെപ്സേ ടൂർണമെന്റിൽ ഇന്റർ നാഷണൽ മാസ്റ്റർ
2015, 2018, 2019: കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു