ഇന്ത്യൻ ഹോക്കി ടീം പരിശീലകൻ ഗ്രഹാം റീഡ് രാജിവച്ചു

Tuesday 31 January 2023 3:00 AM IST

ന്യൂഡൽഹി: ഹോക്കി ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ഇന്ത്യൻ പുരുഷ ഹോക്കി ടീം പരിശീലകൻ ഗ്രഹാം റീഡ് രാജിവച്ചു. കഴിഞ്ഞ ഒളിമ്പിക്സിൽ ഇന്ത്യയെ വെങ്കലമെഡൽ നേട്ടത്തിലെത്തിച്ച ഗ്രഹാം റീഡിന് പക്ഷേ ലോകകപ്പിൽ ടീമിനെ ആ മികവിലേക്ക് ഉയർത്താനായില്ല. ഞായറാഴ്ച ഹോക്കി ലോകകപ്പ് ഫൈനലിന് പിന്നാലെ ഓസ്ട്രേലിയക്കാരനായ ഗ്രഹാം റീഡ് ഹോക്കി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ദിലീപ് ടർക്കിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. 58 കാരനായ റീഡ് 2019 ഏപ്രിലിലാണ് ഇന്ത്യൻ ടീമിന്റെ പരിശീലനച്ചുമതല ഏറ്റെടുക്കുന്നത്. ഇന്ത്യയുടെ 2022ലെ കോമൺവെൽത്ത് ലീഗ് വെള്ളി നേട്ടവും ഹോക്കി പ്രോ ലീഗിലെ മൂന്നാം സ്ഥാനവും റീഡിന്റെ ശിക്ഷണത്തിലായിരുന്നു. ടീമിന്റെ അനലിറ്രിക്കൽ കോച്ച് ഗ്രെഗ് ക്ലാർക്കും സയിന്റിഫിക്ക് അഡ്‌വൈസർ മിച്ചൽ ഡേവിഡ് പെംപേർട്ടനും രാജിക്കത്ത് കൊടുത്തിട്ടുണ്ട്.

ഇന്ത്യ വേദിയായ ഹോക്കി ലോകകപ്പിൽ പൂൾ ഘട്ടത്തിൽ രണ്ടാം സ്ഥാനത്തായിപ്പോയ ആതിഥേയർ ക്വാർട്ടർ യോഗ്യതയ്ക്കായുള്ള ക്രോസ് ഓവർ മത്സരത്തിൽ ന്യൂസിലൻഡിനോട് തോൽക്കുകയായിരുന്നു. ടൂർണമെന്റിൽ ഒമ്പതാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. പുരുഷ ഹോക്കി ലോകകപ്പിൽ ഒരു ആതിഥേയ ടീമിന്റെ മോശം പ്രകടനമാണിത്.