ചാമ്പ്യൻമാരായ ലിവർപൂളിനെ പുറത്താക്കി ബ്രൈറ്റൺ
ഫാൽമർ: എഫ്.എ കപ്പിൽ നിലവിലെ ചാമ്പ്യൻമാരായ ലിർപൂളിനെ പുറത്താക്കി ബ്രൈറ്റൺന്റെ പടയോട്ടം. നാലാം റൗണ്ട് മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രൈറ്റൺ ലിവർപൂളിനെ അട്ടിമറിച്ചത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് അവസാന നിമിഷമുൾപ്പെടെ നേടിയ ഗോളുകളിലൂടെ ബ്രൈറ്റൺ വിജയമുറപ്പിച്ചത്.മുപ്പതാം മിനിട്ടിൽ ഹാർവി എലിയട്ടിലൂടെ ലിവർപൂൾ ലീഡ് നേടി. എന്നാൽ 39-ാം മിനിട്ടിൽ ലെവിസ് ഡങ്ക് ബ്രൈറ്രണ് സമനില സമ്മാനിച്ചു. വിംഗ് ബാക്ക് തരിഖ് ലാംപ്റ്രിയുടെ ഷോട്ട് ഡങ്കിന്റ കാലിയിൽ തട്ടി വലയിൽ കയറുകയായിരുന്നു. തുടർന്ന് കളിയവസാനിക്കാറാകവെ 92-ാം മിനിട്ടിൽ കവോറു മിറ്റോമ ബ്രൈറ്റണിന്റെ വിജയമുറപ്പിച്ച ഗോൾ നേടി.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്രർ യുണൈറ്റഡ് 3-1ന് റീഡിംഗിനെ കീഴടക്കി. കസെമിറോയുടെ ഇരട്ടഗോളുകളാണ് യുണൈറ്റഡിന് ജയമൊരുക്കിയത് ഫ്രെഡ് ഒരുഗോൾ നേടി. അമാഡൊ സാലിഫ് ബെൻഗ്യുവാണ് റീഡിംഗിന്റെ സ്കോറർ. ആൻഡി കരോൾ അറുപത്തിയഞ്ചാം മിനിട്ടിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്തുപേരുമായാണ് റീഡിംഗ് മത്സം പൂർത്തിയാക്കിയത്.