ലഹരിമരുന്ന് കൈവശംവച്ച കേസിലെ പ്രതികൾക്ക് 15വർഷം തടവും 1.5 ലക്ഷം രൂപ വീതം പിഴയും

Wednesday 01 February 2023 12:48 AM IST

കൊച്ചി: കഞ്ചാവും ഹാഷിഷ് ഓയിലും കൈവശംവച്ച കുറ്റത്തിന് പറവൂർ ചേന്ദമംഗലം വടക്കുംപുറം കൂട്ടുകാട് കരയിൽ കളത്തിൽവീട്ടിൽ ലിബിൻ (30) , മൂത്തകുന്നം മടപ്ളാന്തുരുത്തുകരയിൽ അരയൻപറമ്പിൽവീട്ടിൽ ദീപേഷ് (36) എന്നിവർക്ക് വിചാരണക്കോടതി 15വർഷം തടവും 1.5 ലക്ഷം രൂപവീതം പിഴയും ശിക്ഷവിധിച്ചു.

പറവൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന എസ്. നിജുമോനും സംഘവുമാണ് 1.250 കിലോ ഹാഷിഷ് ഓയിലും 6.690 കിലോ കഞ്ചാവുമായി പ്രതികളെ വാഹനംസഹിതം പിടികൂടിയത്. തുടർന്ന് എറണാകുളം അസി. കമ്മിഷണർമാരായ ബാബു വർഗീസ്, ടി.എസ്. ശശികുമാർ, ബി. ടെനിമോൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എറണാകുളം അഡി.ജില്ലാ സെഷൻസ് കോടതി ജഡ്‌ജി പി.കെ. മോഹൻദാസാണ് ശിക്ഷവിധിച്ചത്. ഹാഷിഷ് ഓയിൽ കൈവശം വച്ചതിന് പത്തുവർഷം തടവും ഒരുലക്ഷംരൂപവീതം പിഴയും കഞ്ചാവ് കൈവശംവച്ചതിന് അഞ്ചുവർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ പ്രതികൾ മൂന്നുമാസംകൂടി തടവുശിക്ഷ അനുഭവിക്കണം. 2021ൽ പിടിയിലായ പ്രതികൾ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.