കോംട്രസ്റ്റ്: ബി.ജെ.പിയുടെ പ്രത്യക്ഷ സമരം ഇന്ന്

Wednesday 01 February 2023 12:10 AM IST
COMTRUST

കോഴക്കോട്: കോംട്രസ്റ്റ് സമരത്തിന് പരോക്ഷ പിന്തുണ നൽകി വന്ന ബി.ജെ.പി പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു. കോംട്രസ്റ്റ് ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ട് അഞ്ച് വർഷം തികയുന്ന ദിനമായ ഇന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ.സജീവൻ ഏകദിന ഉപവാസ സമരമിരിക്കും. ഉപവാസം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും വൈകുന്നേരം സമാപന സമ്മേളനം ദേശീയ സമിതി അംഗം സി.കെ. പത്മനാഭനും ഉദ്ഘാടനം ചെയ്യും.

നേരത്തെ കോംട്രസ്റ്റ് സമര സമിതി നടത്തി വന്നിരുന്ന സമരത്തിന് പരോക്ഷ പിന്തുണയുമായി ബി.ജെ.പി രംഗത്തുണ്ടായിരുന്നു. എന്നാൽ ബി.ജെ.പിയുടെ സംസ്ഥാന, ദേശീയ നേതാക്കൾ നാളെ സമരപ്പന്തലിൽ എത്തുന്നതോടെ ബിജെപിയുടെ പ്രത്യക്ഷ പിന്തുണയും ഇനി സമര സമിതിക്ക് പ്രതീക്ഷയേകും. 14 വർഷം മുമ്പ് നിയമവിരുദ്ധമായി അടച്ചുപൂട്ടിയ കോംട്രസ്റ്റിന് പുതുജീവൻ നൽകാൻ എല്ലാ വഴികളും ഒരുങ്ങിയിട്ടും സംസ്ഥാന സർക്കാർ മാത്രം മുഖം തിരിച്ചു നിൽക്കുന്നതിൽ പ്രതഷേധിച്ചാണ് പ്രത്യക്ഷ സമരത്തിന് നേതൃത്വം നൽകാൻ തീരുമാനിച്ചതെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി. സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ ഓർഡിനൻസ് ഇറക്കി കേരള നിയമസഭ പാസാക്കിയ ബില്ലിൽ രാഷ്ട്രപതി ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ശേഷം കേരള സർക്കാർ ഗസറ്റിൽ വിജ്ഞാപനം നടത്തി ഫാക്ടറിയും സ്വത്തുക്കളും തൊഴിലാളികളും കെ.എസ്‌.ഐ.ഡി.സിയുടെ ഭാഗമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പ്രഖ്യാപനം നടപ്പാക്കാൻ സർക്കാർ ഇതു വരെ തയ്യാറായിട്ടില്ല.