കെ.എസ്.എഫ്.ഇ ഭദ്രതാ സ്മാർട്ട് ചിട്ടി: ഫെബ്രുവരി 28 വരെ നീട്ടി

Wednesday 01 February 2023 3:20 AM IST

തൃശൂർ: കെ.എസ്.എഫ്.ഇ കേരളീയർക്കായി അവതരിപ്പിച്ച ഭദ്രതാ സ്മാർട്ട് ചിട്ടി-2022ന്റെ കാലാവധി ഫെബ്രുവരി 28 വരെ നീട്ടി. ഇന്നലെ അവസാനിക്കേണ്ട കാലാവധിയാണ് നീട്ടിയത്. നിരവധി സമ്മാനപദ്ധതികളും ആനുകൂല്യങ്ങളും കോർത്തിണക്കിയ ചിട്ടി പദ്ധതിയാണിത്. ചിട്ടിയിൽ ചേരുന്ന ചിറ്റാളരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരാൾക്ക് ഒരു കോടിയുടെ ഫ്‌ളാറ്റ് സമ്മാനമായി ലഭിക്കും. രണ്ടാംസമ്മാനം 70 പേർക്ക് ടാറ്റ ടിഗോർ ഇലക്ട്രിക് കാറുകൾ. മൂന്നാംസമ്മാനമായി 100 പേർക്ക് ഹീറോ ഇലക്ട്രിക് സ്‌കൂട്ടറും ലഭിക്കും. ലാഭത്തിന്റെ ഒരു വിഹിതം ഉപഭോക്താക്കൾക്ക് തിരിച്ചു നൽകുക എന്ന ലക്ഷ്യം മുൻ നിറുത്തിയാണ് 10.5 കോടിയോളം വരുന്ന തുക സമ്മാനങ്ങളുടെ രൂപത്തിൽ ചിട്ടി വരിക്കാർക്ക് നൽകുന്നത്.

പലവാഗ്ദാനങ്ങളും നൽകി സാധാരണക്കാരെ വഞ്ചിക്കുന്ന സ്ഥാപനങ്ങളെപ്പറ്റിയുള്ള മാദ്ധ്യമവാർത്തകൾ ദിനവും വന്നുകൊണ്ടിരിക്കെ, കെ.എസ്.എഫ്.ഇ നൽകുന്ന സുരക്ഷിതത്വം ജനങ്ങൾ ഏറെ വിലമതിക്കുന്നുണ്ട്. അതുകൊണ്ടാണ് സുരക്ഷിതമായ സമ്പാദ്യത്തിനൊപ്പം ആകർഷകമായ സമ്മാനങ്ങളും അണിനിരത്തിയിട്ടുള്ള ഭദ്രതാ സ്മാർട്ട് ചിട്ടികളിൽ ചേരാൻ കഴിയുന്നത്ര അവസരം ജനങ്ങൾക്ക് നൽകാൻ കെ.എസ്.എഫ്.ഇ ശ്രമിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.