സ്വർണനികുതി വെട്ടിപ്പ് - ധനമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹം: എം.പി. അഹമ്മദ്

Wednesday 01 February 2023 2:24 AM IST

കോഴിക്കോട്: സ്വർണനികുതി വെട്ടിപ്പ് തടയാൻ ഇ-വേ ബിൽ കർശനമാക്കുമെന്നും രേഖയില്ലാത്ത സ്വർണം കണ്ടെത്തിയാൽ പിടിച്ചെടുക്കുമെന്നുമുള്ള ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രസ്‌താവന സ്വാഗതാർഹമാണെന്ന് മലബാ‌ർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. നികുതിവെട്ടിപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതിവരുമാനം കുറയ്ക്കുക മാത്രമല്ല കള്ളക്കടത്ത് സ്വർണം ഉപയോഗിക്കുന്ന മാഫിയ വളരുകയുമാണ്.

നികുതിവിധേയമായും സുതാര്യമായും വ്യാപാരം ചെയ്യുന്നവർക്ക് വിപണിയിൽ നികുതിവെട്ടിക്കുന്നവരുമായി മത്സരിക്കാൻ ഒരിക്കലും കഴിയില്ല. ന്യായമായി വ്യാപാരം ചെയ്യുന്നവർ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുകയാണ് എന്ന യഥാർത്ഥ്യം സർക്കാർ തിരിച്ചറിയണം. ഇ-വേ ബിൽ കർശനമാക്കുന്നതിനൊപ്പം മറ്റ് പരിശോധനകളും ഊർജിതമാക്കണം. നികുതിചോർച്ച അടച്ചാൽ തന്നെ സംസ്ഥാനത്തിന്റെ തനത് വരുമാനം ഗണ്യമായി ഉയർത്താനും സാമ്പത്തിക പ്രയാസം ലഘൂകരിക്കാനും കഴിയുമെന്നും എം.പി.അഹമ്മദ് പറഞ്ഞു.