കാർഷികപ്രതിസന്ധി സമ്പദ് ഘടനയെ തകർക്കുന്നു: കിസാൻസഭ

Wednesday 01 February 2023 12:38 AM IST
അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേരകർഷകരുടെ സംസ്ഥാന കൺവെൻഷൻ കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി. ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: രാജ്യത്ത് കാർഷികമേഖല നേരിടുന്ന പ്രതിസന്ധി നമ്മുടെ സമ്പദ് ഘടനയെത്തന്നെ തകർക്കുകയാണെന്ന് അഖിലേന്ത്യാ കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി. കിസാൻസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേരകർഷകരുടെ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാളികേരത്തിന്റെ ഉത്പ്പാദനക്കുറവും കൃഷിക്കാർ കൂട്ടത്തോടെ ഈ മേഖലയിൽ നിന്നും പിൻവാങ്ങുന്നതും തുച്ഛമായ വരുമാനം കാരണം കൃഷിക്കാർ കൃഷി പാടെ ഉപേക്ഷിക്കുന്നതുമെല്ലാം നാളികേര കൃഷിയെ പ്രതികൂലമായി ബാധിക്കുകയാണ്. പ്രതിസന്ധിയിലായ തെങ്ങ് കൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടി എന്തെല്ലാം പ്രവർത്തനങ്ങൾ നടത്താൻ കഴിയുമോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഉത്പ്പാദനക്ഷമതയുള്ള നടീൽ വസ്തുക്കളല്ല സർക്കാർ ഏജൻസികളിൽ നിന്നു പോലും ലഭിക്കുന്നത്. ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ കൃഷിക്കാർക്ക് ലഭ്യമാക്കണം. എന്നാൽ ഇതിനുള്ള പദ്ധതികൾ ഒന്നും ഫലം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കിസാൻസഭ സംസ്ഥാന സെക്രട്ടറി വി.ചാമുണ്ണി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.വി ബാലൻ, ജില്ലാ സെക്രട്ടറി കെ.കെ ബാലൻ, കേര കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എ പ്രദീപൻ, കേര കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി.എൻ ജീവൻ, കിസാൻസഭ ജില്ലാ പ്രസിഡന്റ് കെ നാരായണക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു. നാളികേര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എ കെ സിദ്ധാർത്ഥൻ 'നാളികേര മേഖലയിലെ പ്രശ്നങ്ങളും സാദ്ധ്യതകളും' എന്ന വിഷയത്തിൽ ക്ലാസെടുത്തു. കിസാൻസഭ ജില്ലാ സെക്രട്ടറി ടി.കെ രാജൻ സ്വാഗതവും മധുകുമാർ വെസ്റ്റ് ഹിൽ നന്ദിയും പറഞ്ഞു.