വൈലിത്തറ മുഹമ്മദ്കുഞ്ഞ് മൗലവി​ നി​ര്യാതനായി​

Wednesday 01 February 2023 4:57 AM IST

ഹരിപ്പാട്: പ്രശസ്ത പ്രഭാഷകനും പണ്ഡിതനുമായ വൈലിത്തറ മുഹമ്മദ്കുഞ്ഞ് മൗലവി (94) നിര്യാതനായി. ഇന്നലെ രാവിലെ ആലപ്പുഴ തൃക്കുന്നപ്പുഴ പാനൂരിലെ വൈലിത്തറ തറവാട്ടിലായിരുന്നു അന്ത്യം. കബറടക്കം ഇന്നലെ വൈകി​ട്ട് പാനൂർ വരവുകാട് ജുമാ മസ്ജി​ദി​ൽ നടന്നു.

പണ്ഡിതനായിരുന്ന വൈലിത്തറ മുഹമ്മദ് മുസ്‌ലിയാരുടെ മകനായി​രുന്നു. പിതാവിൽ നിന്നായി​രുന്നു പ്രാഥമിക പഠനം. പിന്നീട് മൊയ്തീൻ കുഞ്ഞ് മുസ്‌ലിയാർ,ഹൈദ്രോസ് മുസ്‌ലിയാർ,ആലി മുസ്‌ലിയാർ,വടുതല കുഞ്ഞുവാവ മുസ്‌ലിയാർ,പാപ്പിനിപ്പള്ളി മുഹമ്മദ് മുസ്‌ലിയാർ,വാഴക്കാടൻ മുഹമ്മദ് മുസ്‌ലിയാർ എന്നിവർക്ക് കീഴിൽ വിവിധ ദർസുകളിൽ പഠിച്ചു. ചെല്ലിക്കാട്ടിൽ ഗോവിന്ദനാശാന് കീഴി​ൽ മൺതറയിൽ കൈവിരൽ കൊണ്ട് ഹരിശ്രീ എഴുതിയാണ് താൻ മലയാള അക്ഷരങ്ങൾ പഠിച്ചതെന്നും അക്ഷരങ്ങൾ മറന്ന് പോകാതിരിക്കാൻ മരക്കമ്പ് കൊണ്ട് കാലിൽ കോറിയിട്ടിരുന്നെന്നും മുഹമ്മദ് കുഞ്ഞ് മൗലവി പറയാറുണ്ടായിരുന്നു. ഏഴു പതി​റ്റാണ്ടി​ലേറെയാണ് അദ്ദേഹം പ്രഭാഷണ വേദി​കളി​ൽ സജീവമായി​രുന്നത്.

ഖുർ-ആനും ബൈബിളും ഭഗവത്ഗീതയും കുമാരനാശാൻ-ചങ്ങമ്പുഴ-വള്ളത്തോൾ കവിതകളും സ്ഫുടമായ ഇംഗ്ലീഷ് വാക്കുകളും നി​റഞ്ഞു നി​ന്ന വൈലിത്തറയുടെ പ്രഭാഷണങ്ങൾ മതവും മനുഷ്യനും തമ്മിലുള്ള സമവാക്യത്തെ തുറന്ന് കാണിക്കുന്നതായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളും പ്രഭാഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും കോൺഗ്രസിന്റെയും നേതാക്കളുമായെല്ലാം അടുപ്പം സ്ഥാപിച്ചി​രുന്നു.
ഭാര്യ:പരേതയായ ഖദീജ ഉമ്മ.മക്കൾ:അഡ്വ. മുജീബ് വൈലി​ത്തറ (മുൻ മന്ത്രിമാരായ യു.എ.ബീരാൻ,എം.കെ.മുനീർ,വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവരുടെ പേഴ്‌സണൽ സ്റ്റാഫംഗം,മുസ്ലിംലീഗ് ജില്ല മുൻ സെക്രട്ടറി),സുഹൈൽ റഹ്‌മാൻ (റിട്ട. എം.ജി യൂണിവേഴ്‌സിറ്റി),സഹിൽ റഹ്‌മാൻ (ബിസിനസ്),ജാസ്മിൻ,തസ്‌നീം. മരുമക്കൾ:ലൈല ബീവി,ബീന,സജിന,അബ്ദുൾമജീദ് (റിട്ട: കെ.എസ്.ഇ.ബി),ഹാഷിം (അനുഗ്രഹ മെറ്റൽസ്,മാന്നാർ).