മന്ത്രി പി.രാജീവിന്റെ മകൾ ഹരിതയ്ക്ക് എച്ച്.എം.യു.എന്നിൽ പുരസ്‌കാരം
കൊച്ചി: നൂറോളം രാജ്യങ്ങളിൽ നിന്നായി 2000-ലേറെ കുട്ടികൾ പങ്കെടുത്ത, ബോസ്റ്റണിൽ നടന്ന ഹാർവാർഡ് മോഡൽ യു.എന്നിൽ (എച്ച്.എം.യു.എൻ) മന്ത്രി പി. രാജീവിന്റെ മകൾ ഹരിത രാജീവിന് മികച്ച പ്രകടനത്തിനുള്ള അവാർഡ്. കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിൽ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയായ ഹരിത, അൾജീരിയയെ പ്രതിനിധാനം ചെയ്ത് 'യു.എൻ.ഡി.പി കമ്മിറ്റിയിൽ മാനുഷിക സഹായ പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകളുടെ പങ്ക് " എന്ന വിഷയത്തിൽ സംസാരിച്ചു. ആറാം ക്ലാസ് മുതൽ മോഡൽ യു.എന്നിൽ പങ്കെടുക്കാറുള്ള ഹരിത സ്‌കൂളിൽ നിന്നാണ് അപേക്ഷ നൽകിയത്.
2013ൽ താൻ എം.പിയായിരുന്ന സമയത്ത് ഇന്ത്യയെ പ്രതിനിധാനംചെയ്ത് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പ്രസംഗിക്കുമ്പോൾ ഗാലറിയിലിരുന്ന ആറുവയസ്സുകാരി ഇന്ന് സ്വന്തം കഴിവും കഠിനാദ്ധ്വാനവുംകൊണ്ട് ഹാർവാർഡ് വരെയെത്തി അംഗീകാരം നേടിയതിലുള്ള ആഹ്ളാദം മന്ത്രി പി. രാജീവ് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. യു.എൻ പുരസ്കാരം സ്വീകരിക്കാൻ ന്യൂയോർക്കിൽ തങ്ങുന്ന ഹരിതയും സഹപാഠികളും വെള്ളിയാഴ്ച കേരളത്തിൽ തിരിച്ചെത്തും.
ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ഐക്യരാഷ്ട്രസംഘടനയുടെ പ്രവർത്തനമാതൃകയിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന പരിപാടിയാണ് ഹാർവാർഡ് മോഡൽ യു.എൻ.