പ്രഭാഷണകലയുടെ മർമ്മമറിഞ്ഞ വൈലിത്തറ മൗലവി

Wednesday 01 February 2023 4:21 AM IST

ആലപ്പുഴ: ഇസ്ളാം മതത്തെപ്പോലെ ഹിന്ദുമത ദർശനങ്ങളും ആഴത്തിൽ പഠിച്ച പണ്ഡിതനായിരുന്നു ഇന്നലെ അന്തരി​ച്ച വൈലി​ത്തറ മുഹമ്മദ്കുഞ്ഞ് മൗലവി​. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളും ആശാൻ കവിതകളും തന്റെ പ്രഭാഷണത്തിൽ ചേർത്ത് അവതരിപ്പിക്കാൻ അദ്ദേഹം ശ്രദ്ധി​ച്ചി​രുന്നു. പല്ലന പാനൂരിലെ ചെറുവാപറമ്പിലാണ് തറവാട്. കുമ്പളത്ത് മൊയ്തീൻകുഞ്ഞുഹാജിയുടെ മകളായ ആസിക്കുട്ടിയുടെ മകനായി ജനനം. പിതാവ് വൈലിത്തറ മുഹമ്മദ് കുഞ്ഞ് മുസ്ളി​യാർ. ഈ പേരു തന്നെ തനി​ക്കും ലഭി​ച്ചതി​നാൽ ചെറുപ്പത്തിൽ കൊച്ചുമുഹമ്മദ് എന്നായിരുന്നു മൗലവി​ അറിയപ്പെട്ടിരുന്നത്. പ്രാഥമിക വിദ്യാഭ്യാസം കുറവായിരുന്നെങ്കിലും ആഴത്തിലുള്ള വായനാശീലവും വിഞ്ജാനദാഹവും വൈലിത്തറയെ വിവിധ മതങ്ങളുടെ അർത്ഥതലങ്ങളിലേക്ക് കൈപിടിച്ചുയർത്തി. ഇംഗ്ളീഷ് ഉൾപ്പെടെ നിരവധി ഭാഷകൾ സ്വായത്തമാക്കി. പ്രഭാഷണ രംഗത്ത് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ചെറിയ പെരുന്നാൾ ദിവസം സഹോദരസമുദായത്തിലുള്ളവരെ ക്ഷണിച്ചു വരുത്തി അവർക്കൊപ്പമിരുന്ന് കഴിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. സ്കൂളിൽ പോകാത്തയാൾ സാമൂഹ്യ-സാംസ്കാരിക-ശാസ്ത്ര-രാഷ്ട്രീയ മേഖലകളിലെ അറിവും ഭാഷാകഴിവും എങ്ങനെ സ്വായത്തമാക്കിയെന്ന ചോദ്യത്തിന് വൈലിത്തറയുടെ മറുപടി ഇങ്ങനെ "അഭീമുഖീകരിക്കുന്ന സമൂഹത്തെക്കുറിച്ച് പ്രഭാഷകന് ബോധ്യമുണ്ടാവണം".

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സൈക്കിളിൽ മൈക്ക് കെട്ടി തൃക്കുന്നപ്പുഴ പഞ്ചായത്തിന്റെ ഉൾപ്രദേശങ്ങളിൽ ദേശീയ പ്രസ്ഥാനത്തിന്റെ സ്ഥാനാർത്ഥികൾക്കായി പ്രസംഗിച്ചായിരുന്നു തുടക്കം. 18-ാം വയസിൽ തറവാടിന് സമീപത്തെ മുട്ടുങ്കൽചിറ വിഞ്ജാന പ്രദായനിയുടെ വാർഷികസമ്മേളനത്തിലായിരുന്നു ആദ്യപ്രഭാഷണം. ആത്മവിദ്യാസംഘത്തിന്റെ ആത്മീയാചാര്യൻ ആര്യഭട്ട സ്വാമിയും യോഗത്തിലുണ്ടായിരുന്നു. പ്രഭാഷണം കേട്ടശേഷം കെട്ടിപ്പിടിച്ച് "വണ്ടർഫുൾ മാൻ" എന്നാണ് സ്വാമി പറഞ്ഞത്. 23-ാം വയസിൽ കൊല്ലത്ത് നടത്തിയ പ്രഭാഷണത്തെക്കുറിച്ച് കേരളകൗമുദിയി​ൽ വന്ന റിപ്പോർട്ട് തനിക്ക് പ്രചോദനമേകിയിരുന്നതായി മൗലവി പറഞ്ഞിരുന്നു.

തലപ്പാവ് ധരിക്കാത്ത യുവാവിനെ അംഗീകരിച്ചില്ല !

ജന്മനാ‌ടിന് സമീപമുള്ള താമല്ലാക്കലിലാണ് വൈലിത്തറ ആദ്യമായി 12ദിവസം നീണ്ടുനിന്ന പ്രഭാഷണപരമ്പര നടത്തിയത്. അന്ന് പ്രായം 25തികഞ്ഞിരുന്നില്ല. ആദ്യദിവസത്തിൽ പണ്ഡിതരും മുതിർന്നവരും പരമ്പരയോട് നിസഹകരിച്ചു. താടിവെയ്ക്കാത്ത,തലപ്പാവ് ധരിക്കാത്ത യുവാവായ വൈലിത്തറയുടെ പ്രകൃതം മതപ്രഭാഷകനെന്ന നിലയിലുള്ള സങ്കല്പത്തിന് യോജിച്ചതാകാത്തതായിരുന്നു കാരണം. എന്നാൽ ആകർഷകമായ വാക്ധോരണിയിലൂടെ,നിസഹരിച്ചവരെയെല്ലാം പരമ്പര അവസാനിക്കുന്നതിന് മുമ്പ് തന്നിൽ അദ്ദേഹം ആകൃഷ്ടനാക്കി.

Advertisement
Advertisement