പഠനമാകണം കുട്ടി​കളുടെ ലഹരി​: അസി​.കമ്മി​ഷണർ പി​.രാജ്കുമാർ

Wednesday 01 February 2023 1:16 AM IST
ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് കേരള പൊലീസിന്റെയും എക്സൈസിന്റെയും സഹകരണത്തോടെ കേരള കൗമുദി ഫോർട്ടുകൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ബോധപൗർണമി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി

കൊച്ചി: വിദ്യാഭ്യാസകാലത്ത് വിദ്യാർത്ഥികൾ ലഹരിയായി കാണേണ്ടത് പഠനത്തെയാണെന്ന് എറണാകുളം അസി. പൊലീസ് കമ്മിഷണർ പി.രാജ്കുമാർ പറഞ്ഞു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് കേരള പൊലീസിന്റെയും എക്സൈസിന്റെയും സഹകരണത്തോടെ കേരള കൗമുദി ഫോർട്ടുകൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ബോധപൗർണമി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായി​രുന്നു അദ്ദേഹം.

ഫോർട്ടുകൊച്ചിക്കാരനായ യേശുദാസിന് സംഗീതമായിരുന്നു ലഹരി. മെസിക്ക് ഫുട്ബാളും സച്ചിന് ക്രിക്കറ്റും പി.ടി.ഉഷയ്ക്ക് അത്‌ലറ്റിക്സും. ഇവർ മറ്റ് ലഹരികൾക്ക് പിന്നാലെ പോയിരുന്നെങ്കിൽ ലോകം അവരെ അറിയുക പോലുമില്ലായിരുന്നു.

ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും ഓരോ ലക്ഷ്യങ്ങൾ ലഹരിയായി സ്വീകരിക്കണം. നേട്ടങ്ങൾ സ്വന്തമാക്കണമെങ്കിലും ലോകത്ത് ശ്രദ്ധേയമായ വ്യക്തിത്വങ്ങളായി മാറണമെങ്കിലും ഇത് ആവശ്യമാണ്. അപ്പോൾ മദ്യത്തിന്റെയും മയക്കുമരുന്നു ലഹരികളുടെയും കെണിയിൽ പെടുകയില്ലെന്നും രാജ് കുമാർ പറഞ്ഞു.

ലക്ഷ്യങ്ങൾ നിർണയിച്ച് കഠിനാദ്ധ്വാനം ചെയ്ത് മുന്നോട്ടുപോയെങ്കിലേ ജീവിത വിജയം കൈവരൂ. നല്ല വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും ആത്മവിശ്വാസവും അവസരങ്ങളും നേടിയെടുക്കാം. അദ്ധ്യയന കാലത്ത് പഠനം ലഹരിയായി മാറിയാൽ മറ്റൊന്നിനും നമ്മളെ പരാജയപ്പെടുത്താനാകില്ല. എന്തൊക്കെ പ്രലോഭനങ്ങൾ ഉണ്ടായാലും മയക്കുമരുന്നുകളിൽ നിന്നും മറ്റ് ലഹരികളിൽ നിന്നും വിദ്യാർത്ഥികൾ അകന്നു നിൽക്കണമെന്നും പി.രാജ്കുമാർ പറഞ്ഞു.

ഫാത്തിമ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ (സെയിൽസ്) പി. മാർക്കോസ് ബ്രിസ്റ്റോ സംസാരി​ച്ചു. കേരള എക്സൈസ് വിമുക്തി പ്രിവന്റീവ് ഓഫീസർ കെ.എസ്.ഇബ്രാഹിം ലഹരിവിരുദ്ധ ക്ളാസ് നയിച്ചു. കേരള കൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ സ്വാഗതവും ശ്രേയ തോമസ് നന്ദിയും പറഞ്ഞു.

Advertisement
Advertisement