മിന്നൽ പരിശോധനയ്ക്ക് ലാബ് വണ്ടി ! മായം കണ്ടെത്തിയാൽ നടപടി​ ഉടൻ 

Wednesday 01 February 2023 1:21 AM IST
പടം

കൊച്ചി: ഒറ്റമിനിട്ടിൽ റിസൾട്ട്. മായം കണ്ടെത്തിയാൽ അപ്പോൾ തന്നെ നടപടി. പഴകിയതും കേടുവന്നതുമായ ഭക്ഷ്യവസ്തുക്കൾ വിറ്റ് പോക്കറ്റുവീർപ്പിക്കുന്നവരെ കെട്ടുകെട്ടിക്കാൻ കൊച്ചിയിൽ സഞ്ചരിക്കുന്ന ലബോറട്ടറി വരുന്നു. 18 ലക്ഷം രൂപ ചെവവിൽ കൊച്ചി കോർപ്പറേഷനാണ് മിന്നൽ പരിശോധനയ്ക്കായി അത്യാധുനിക മൊബൈൽ ലാബ് സജ്ജമാക്കുന്നത്. അടുത്തമാസം പകുതിയോടെ 'ലാബ് വണ്ടി' ഓടിത്തുടങ്ങും. വിപണയിലുള്ള ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ബഡ്ജറ്റിലെ പ്രഖ്യാപനം കൂടിയാണിത്.

നിയോജൻ ലാബ്, സ്റ്റൈർലിംഗ് ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വാഹനം ലാബായി മാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ്. കൊച്ചിയിൽ നിത്യവും പരിശോധന നടത്താനാണ് കോർപ്പറേഷൻ ആലോചിക്കുന്നത്. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികളിലും സഡൻ ആക്ഷനുണ്ടാകും. കുടിവെള്ളം, ശീതളപാനീയങ്ങൾ, ഭക്ഷ്യവസ്തുക്കളെല്ലാം ലാബിൽ പരിശോധിക്കാം. റിസൾട്ടിനായി 24,48 മണിക്കൂർ വേണ്ട പരിശോധനകൾക്ക് സാമ്പിൾ ശേഖരിക്കുകയും ചെയ്യും.

 ലാബിൽ


. ഒരു ടെക്‌നീഷ്യൻ
. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ
. ഡ്രൈവർ

 196
ജനുവരി ഒന്നുമുതൽ കഴിഞ്ഞ ദിവസം വരെ 196 പേർക്കാണ് ജില്ലയിൽ ഭക്ഷ്യ വിഷബാധയേറ്റത്. സ്‌കൂൾ, കോളേജ്, അവധിക്കാല ക്യാമ്പുകൾ, ഹോസ്റ്റലുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ചവരാണ് രോഗബാധിതരായത്. ഭക്ഷണത്തിൽ കലരുന്ന രാസവസ്തുക്കളും ഭക്ഷണം പഴകുമ്പോൾ ഉണ്ടാകുന്ന ബാക്ടീരിയയുടെ വളർച്ചയുമാണ് ഭക്ഷ്യവിഷബാധയ്‌ക്കെല്ലാം കാരണമായത്.

 ഒമ്പത് ലാബുകൾ


സംസ്ഥാന ഭക്ഷ്യസുരക്ഷാവിഭാഗത്തിന് കീഴിൽ ഒമ്പത് മൊബൈൽ ടെസ്റ്റിംഗ് ലാബുകളാണുള്ളത്. ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ് അതോറിട്ടി ഒഫ് ഇന്ത്യയുടെ സഹായത്തോടെയാണ് നിർമ്മിച്ച് നിരത്തിലിറക്കിയത്. പാൽ, ഭക്ഷ്യ എണ്ണ, വെള്ളം, ഭക്ഷണത്തിൽ ചേർത്തിരിക്കുന്ന നിറങ്ങൾ എന്നിവയുടെ വിശദപരിശോധനകൾ നടത്താൻ കഴിയുന്നതാണ് ഇവയെല്ലാം. പാലിന്റെ 24 തരം പരിശോധനകളും ഭക്ഷ്യ എണ്ണയുടെ ഒമ്പത് ഇനം പരിശോധനകളും വ്യഞ്ജന വസ്തുക്കളുടെ 17 ഇനം പരി ശോധനകളും ഭക്ഷണവുമായി ബന്ധപ്പെട്ട 17 തരം പരിശോധനകളും പുതിയ മൊബൈൽ ലാബ് വഴി നടത്താനാകും.

17

17 തരം പരിശോധനകളും പുതിയ

മൊബൈൽ ലാബ് വഴി നടത്താനാകും.

.................................

എത്രയും വേഗം മൊബൈൽ ലബോറട്ടി സജ്ജമാക്കാനാണ് തീരുമാനം

അഡ്വ. എം. അനിൽകുമാർ

കൊച്ചി മേയർ

Advertisement
Advertisement