തുണയായി കേരളകൗമുദി വാർത്ത; ഉദ്ദേശ് ഇനി അഞ്ച് സെന്റിന്റെ ഉടമ

Wednesday 01 February 2023 4:26 AM IST


കാസർകോട് : കൈകാലുകൾ ചുരുങ്ങി, എല്ലുകൾ നുറുങ്ങി വേദന സഹിച്ചു വെള്ളം മാത്രം കുടിച്ച് നരകയാതന അനുഭവിച്ച എൻഡോസൾഫാൻ ദുരിതബാധിതനായ ഉദ്ദേശ് കുമാറുമായി അടച്ചുറപ്പുള്ള വീടോ, ഒരു തുണ്ട് ഭൂമിയോ ഇല്ലാതെ കഴിഞ്ഞിരുന്ന കാസർകോട് അണങ്കൂരിലെ ഗോപാലൻ - ശാരദ ദമ്പതികൾക്ക് ഒടുവിൽ, വാഗ്ദാനം ചെയ്യപ്പെട്ട അഞ്ച് സെന്റ് ഭൂമി ലഭിച്ചു. നെക്രാജെ പാടി ഗ്രൂപ്പ് വില്ലേജിൽ പതിച്ചുകൊടുത്ത ഭൂമിയുടെ പട്ടയം ഇന്നലെ കാസർകോട് കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് കൈമാറി.

'എല്ലുകൾ നുറുങ്ങി ശരീരം ചുരുണ്ട് മൂന്ന് സെന്ററിനായി കാത്തിരിപ്പ്" എന്ന തലക്കെട്ടിൽ 2022 ജൂൺ ആറിന് 'കേരള കൗമുദി" നൽകിയ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ട റവന്യു മന്ത്രി കെ. രാജൻ കാസർകോട് എ. ഡി. എമ്മിനെ വിളിച്ച് അടിയന്തരമായി വീടിന് തൊട്ടടുത്തുള്ള സ്ഥലം നൽകണമെന്ന് ഉത്തരവിട്ടു. ഉദ്ദേശിന്റെ ഗുരുതരാവസ്ഥ കണക്കിലെടുക്കാതെ 57 കിലോമീറ്റർ അകലെ ചീമേനി വില്ലേജിൽ സ്ഥലത്തിന്റെ രേഖ മാത്രം നൽകി കുടുംബത്തെ സർക്കാർ വെട്ടിലാക്കിയത് 'കേരള കൗമുദി" പുറത്ത് കൊണ്ടുവന്നിരുന്നു. മന്ത്രിയുടെ ഉത്തരവ് ഇറങ്ങിയ ഉടൻ ഉദ്യോഗസ്ഥർ വീട് വയ്ക്കാൻ അനുയോജ്യമായ അഞ്ച് സെന്റ് ഭൂമി കണ്ടെത്തി പതിച്ചുനൽകാൻ തീരുമാനിച്ചു. എന്നിട്ടും സാങ്കേതികത്വത്തിന്റെ പേരിൽ ആറു മാസം വൈകിയാണ് പട്ടയം കൈമാറിയത്. പട്ടയം ലഭിക്കുന്നതിന് നവംബർ 25ന് നെക്രാജെ വില്ലേജ് ഓഫീസിൽ 2845 രൂപ കുടുംബം അടച്ചിരുന്നു. എ.ഡി.എം എ .കെ. രാമേന്ദ്രൻ, കാസർകോട് തഹസിൽദാരുടെ ചുമതല വഹിച്ച സീനിയർ സുപ്രണ്ട് സുമ ഡി.നായർ, കാസർകോട് സ്‌പെഷ്യൽ വില്ലേജ് ഓഫീസർ എ. മഹേഷ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

31 കൊല്ലമായി സുഖമില്ലാത്ത മോനെയും കൊണ്ട് ഞാൻ കഷ്ടപ്പെടുന്നു. ഇപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.പലരും ഇടപെട്ടിട്ടും കിട്ടാതെ പോയ കിടപ്പാടം കേരള കൗമുദിയാണ് ഞങ്ങൾക്ക് വാങ്ങിത്തന്നത്. മന്ത്രി തന്നെ സ്വന്തമായി ഭൂമി തരാൻ പറഞ്ഞു. എല്ലാവർക്കും നന്ദി.

-ശാരദ ,

ഉദ്ദേശ് കുമാറിന്റെ 'അമ്മ

കേരള കൗമുദി വാർത്തയെ തുടർന്ന് കുടുംബത്തിന് സ്ഥലം നൽകാൻ റവന്യു മന്ത്രി കെ രാജൻ നേരിട്ട് വിളിച്ചു പറയുകയായിരുന്നു. ദിവസവും ഇക്കാര്യം ചോദിച്ചു മന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിക്കാറുണ്ട്. ഞങ്ങളും ഇതിന്റെ പിന്നാലെ തന്നെയുണ്ടായി. പട്ടയ മേളയിൽ

കൊടുക്കാമെന്ന് കരുതിയാണ് അല്പം താമസിച്ചത്.

-എ.കെ. രാമേന്ദ്രൻ

കാസർകോട് എ .ഡി.എം

Advertisement
Advertisement