കല്ലിനും മെറ്റലിനും തീവില; വീട് നിർമ്മാണം കടുക്കും

Wednesday 01 February 2023 4:52 AM IST

40 ശതമാനം വർദ്ധന

കൊച്ചി: നിർമ്മാണ സാമഗ്രികൾക്ക് വില കുതിച്ചുയർന്നതോടെ വീടെന്ന സ്വപ്നം പൂർത്തിയാക്കാനാവാതെ സാധാരണക്കാർ. കരാറുകാരും നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട മറ്റു വിഭാഗങ്ങളും പ്രതിസന്ധിയിലായി. സാധനങ്ങൾക്ക് നാല്പതു ശതമാനം വരെയാണ് വിലക്കയറ്റം. വീടുവയ്ക്കാൻ വായ്പ എടുത്തും മറ്റും നിശ്ചിത തുക സ്വരൂക്കൂട്ടിയവർക്ക് ആ തുക കൊണ്ട് പണി പൂർത്തിയാക്കാൻ കഴിയാതായി. പുതുതായി നിർമ്മാണം തുടങ്ങാനിരിക്കുന്നവരും അധിക പണം കണ്ടെത്തേണ്ടിവരും.

ഇന്ധനവില വർദ്ധനയും കല്ലിന്റെയും മറ്റും ഉത്പാദനം കുറഞ്ഞതുമാണ് വിലക്കയറ്റത്തിനു കാരണമായി പറയുന്നത്. പുതിയ ബഡ്ജറ്റിൽ നികുതി ഭാരം വന്നാൽ കടുത്ത പ്രത്യാഘാതം നേരിടും നിർമ്മാണ മേഖല.

സംസ്ഥാനത്തെ 716ക്വാറികളിൽ പകുതിയിലേറെയും പൂട്ടിക്കിടക്കുകയാണ്. ലൈസൻസ് പ്രശ്നവും നാട്ടുകാരുടെ എതിർപ്പും ക്വാറികൾക്ക് വെല്ലുവിളിയായി.

തെക്കൻ ജില്ലകളിലെ വൻകിട പദ്ധതികൾക്ക് തമിഴ്‌നാട്ടിൽ നിന്നും വടക്കൻ ജില്ലകളിലേക്ക് കർണാടകത്തിൽ നിന്നുമാണ് കല്ലെത്തിക്കുന്നത്. മണൽവാരൽ ഇല്ലാതായതോടെ തമിഴ്‌നാട്ടിൽ നിന്ന് എത്തിക്കാൻ ലോഡിന് മൂന്നിരട്ടി വില നൽകണം.

വിലയിൽ ആയിരങ്ങളുടെ വർദ്ധന

( ഒരു വർഷം മുമ്പ് , ആറുമാസം മുമ്പ്, നിലവിൽ എന്ന ക്രമത്തിൽ.

ഗതാഗത ചാർജ് ചേർക്കാതുള്ള നിരക്കാണിത്)

കല്ല് (150 അടി ലോഡ്).......... 4,000-4,500 ..........5,000.......... 6,000-6,300

മെറ്റൽ (150 അടി ലോഡ്)........... 5,700....................6,300......7,800

കട്ട (350 എണ്ണം)............9,800...................10,150...................... 12,250

വാർക്ക കമ്പി(ഒരു കിലോ)................ 63.....................67-69......... 72

ഇരുമ്പ് പൈപ്പ്(ഒരു കിലോ)............... 71....................78-80........ 97

എം സാൻഡ് (150 അടി........6,900...................7,500.................9,000

ടൈൽസ്(6x4)............180.......................220................................... 240

ടൈൽസ് (ച. അടി).......... 50................57-65.........................100-105

ചുടുകട്ട (ഒന്ന്).............. 8.......................9-10......................................12

സിമന്റ് (വില കുറഞ്ഞു).......370............460-500................400-450

പെയിന്റ്: ലിറ്ററിന് 20-44 രൂപയുടെ വർദ്ധന

നിർമ്മാണം പാതിവഴിയിൽ

1. വീട് വയ്ക്കുന്നവരും ചെറിയ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നവരും വിലക്കയറ്റത്തെത്തുടർന്ന് നിർമ്മാണം താത്കാലികമായി നിറുത്തി വയ്ക്കുകയാണ്.

2. കല്ല്, മെറ്റൽ, സിമന്റ് കട്ട, ചുടുകട്ട, കമ്പി, ടൈൽ തുടങ്ങിയവയ്ക്കും വയറിംഗ് , പ്ലംബിംഗ് സാമഗ്രികൾക്കും പെയിന്റിനും വില ഉയർന്നു. സിമന്റിന് മാത്രമാണ് നേരിയ തോതിൽ വില കുറഞ്ഞത്.

3. വയർ, പവർ കേബിൾ എന്നിവയ്ക്ക് 30 മുതൽ 50 വരെ ശതമാനം വില കൂടി. കോപ്പർ, സ്റ്റീൽ സാമഗ്രികൾ, ആംഗിൾസ്, ഷീറ്റ്, സ്വിച്ച് ബോർഡ് എന്നിവയ്ക്ക് 20-35 ശതമാനമാണ് വിലവർദ്ധന.

4. കഴിഞ്ഞ വർഷം ചതുരശ്ര അടിക്ക് 1,000രൂപയ്ക്ക് കരാർ എടുത്തയാൾക്ക് ഇപ്പോൾ 1,400-1,450 രൂപയ്‌ക്കേ കരാർ എടുക്കാനാകൂ. നിർമ്മാണ കരാർ വാക്കാലുറപ്പിച്ച പലർക്കും അത് നഷ്ടമായി.

നിർമ്മാതാക്കൾക്ക് വൻ നഷ്ടമാണ്, എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്.

ജോബി എബ്രഹാം,

സിമന്റ് ബ്രിക്സ് മാനുഫാക്ചറേഴ്സ് അസോ.

ചെറുകിട കരാറുകാർ ആത്മഹത്യയുടെ വക്കിലാണ്. മുടങ്ങിയ നിർമ്മാണങ്ങൾക്ക് കണക്കില്ല.

വി.ജി. വേണുഗോപാൽ, കരാറുകാരൻ