സി.പി.ഐ ഇനിയുമെന്തിന് സി.പി.എമ്മിനെ ചുമക്കുന്നു? കെ. സുധാകരൻ

Wednesday 01 February 2023 12:00 AM IST

തിരുവനന്തപുരം: ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ ബി.ജെ.പി,ആർ.എസ്.എസ് പ്രതികൾക്ക് വേണ്ടി സി.പി.എം നടത്തിയ ഒത്തുകളി പുറത്തായ സ്ഥിതിക്ക് കൂടുതൽ ശക്തമായി പ്രതിഷേധിക്കാൻ സി.പി.ഐ നേതൃത്വം തയാറാവണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. കോട്ടയത്ത് പാലാ നഗരസഭ അദ്ധ്യക്ഷസ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ കേരള കോൺഗ്രസിന് വഴങ്ങിയ സി.പി.എമ്മാണ് സി.പി.ഐയെ തള്ളിപ്പറഞ്ഞത്. തുടർച്ചയായി അധിക്ഷേപവും അവഹേളനവുമുണ്ടായിട്ടും സി.പി.ഐ സി.പി.എമ്മിനെ ഇനിയുമെന്തിനാണ് ചുമക്കുന്നതെന്ന് മനസിലാവുന്നില്ല.കേരള കോൺഗ്രസ്-ജോസ് കെ.മാണി വിഭാഗം എൽ.ഡി.എഫിന്റെ ഭാഗമായത് മുതൽ സി.പി.ഐയെ മുന്നണിയിലും പൊതുജനമദ്ധ്യത്തിലും കൊച്ചാക്കിക്കാണിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നതെന്നും കെ. സുധാകരൻ പറഞ്ഞു.