വന്യമൃഗ ശല്യം രൂക്ഷം; അട്ടപ്പാടിയിലെ കർഷകർ ചുരമിറങ്ങുന്നു

Wednesday 01 February 2023 12:15 AM IST

അഗളി: ആനയും മയിലും പന്നിയും കുരങ്ങും കാർഷിക വിളകൾ നശിപ്പിക്കുന്ന സാഹചര്യത്തിൽ എന്തുചെയ്യണമെന്നറിയാതെ അട്ടപ്പാടിയിലെ കർഷകർ. നിലവിൽ കൃഷി ചെയ്യുന്ന ഭൂമികൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് ചുരമിറങ്ങാൻ നിർബന്ധിതരാവുകയാണ് കർഷകർ. തമിഴ്നാട്ടിൽ നിന്നും എത്തിയ കുടിയേറ്റ കർഷകരും തിരിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ട സ്ഥിതിയിലാണ്. ഉത്പ്പന്നത്തിന്റെ വിലക്കുറവും തിരിച്ചടിയാകുന്നുണ്ട്.

മുൻ കാലങ്ങളിൽ തേങ്ങയായും കൊപ്ര ആട്ടി എണ്ണയായും വിപണനം നടത്തിയിരുന്ന കർഷകർക്ക് കുരങ്ങിന്റെ ശല്യം രൂക്ഷമായതോടെ സ്വന്തം ആവശ്യത്തിനു പോലും തേങ്ങ ലഭ്യമാകുന്നില്ല. കൃഷി സംരക്ഷിക്കാൻ കാവൽ കിടക്കാൻ പോലും കർഷകർ ഭയപ്പെടുന്ന സാഹചരയമാണ് അട്ടപ്പാടിയിലുള്ളത്. ആനയ്ക്ക് പുറമേ പുലിയേയും കടുവയേയും ഭയപ്പെടേണ്ട അവസ്ഥ. വന്യമൃഗ ശല്യത്തിന് ശ്വാശ്വത പരിഹാരം കാണണമെന്നാണ് അട്ടപ്പാടിയിലെ കർഷകരുടെ പ്രധാന ആവശ്യം. കൃഷി ഭൂമികൾ വിറ്റ് മറ്റ് സ്ഥലങ്ങളിലേക്ക് മാറുമ്പോൾ പുതിയ എന്ത് തൊഴിൽ ചെയ്യും എന്ന ആശങ്കയിലാണ് കർഷകർ.