കോൺഗ്രസിലെ പലരുടെയും നിലപാട് ഭയപ്പെടുത്തുന്നു: അനിൽ ആന്റണി

Wednesday 01 February 2023 12:00 AM IST

ന്യൂഡൽഹി: കോൺഗ്രസിലെ പലരുടെയും നിലപാട് കാണുമ്പോൾ രാജ്യത്തിന്റെ ദീർഘകാല താല്പര്യങ്ങളെയും, സുരക്ഷയെയും കുറിച്ച് ഭയമാണ് തോന്നുന്നതെന്ന് അനിൽ ആന്റണി. കേരളകൗമുദിയോട് പറഞ്ഞു. ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട പ്രതികരണം വിവാദമായതിനെ തുടർന്ന് കോൺഗ്രസിന്റെ എല്ലാ ചുമതലകളിൽ നിന്നും സ്വയം രാജി വച്ച അനിൽ

തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നു..

നരേന്ദ്ര മോദിയോട് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുണ്ടായിരിക്കാം. എന്നാൽ അതിന് വേണ്ടി ഏത് വിഘടന വാദ, രാജ്യ വിരുദ്ധ മനോഭാവമുള്ളവരുമായും കൂട്ടുകെട്ടുണ്ടാക്കി കേന്ദ്രസർക്കാരിനെ നേരിടാൻ ശ്രമിക്കുന്നത് രാജ്യത്തിന്റെ നിലനില്പിന് അപകടം ചെയ്യും. കഴിഞ്ഞ രണ്ട് വർഷമായി കോൺഗ്രസിൽ സംഭവിക്കുന്നത് നല്ല കാര്യമാണെന്ന് തോന്നുന്നില്ല.ബി.ബി.സി ഡോക്യുമെന്ററി സംബന്ധിച്ച വിവാദമുണ്ടായപ്പോൾ ഒരു പാട് പേർ വിളിച്ചിരുന്നു. വളരെ സീനിയറായ ഗുലാം നബി ആസാദ്, അമരീന്ദർ സിംഗ്, സുനിൽ ഝാഖർ തുടങ്ങി ജ്യോദിരാതിത്യ സിന്ധ്യ, ജിതേന്ദ്ര പ്രസാദ വരെയുള്ള നേതാക്കൾ പാർട്ടി വിട്ട് പോയി. അവരൊക്കെ പോയ്ക്കോട്ടെയെന്നും, നമ്മുടെ ലക്ഷ്യം തിരഞ്ഞെടുപ്പ് വിജയമല്ലെന്നുമൊക്കെ കോൺഗ്രസ് നേതൃത്വത്തിലുള്ളവർ പറയുന്നത് എത്ര പ്രായോഗിക നിലപാടാണെന്നറിയില്ല.

ബി.ബി.സി ഡോക്യുമെന്ററി ഇപ്പോൾ പുറത്ത് വിട്ടത് വളരെ നിരുപദ്രവകരമായ നടപടിയാണെന്ന് തോന്നുന്നില്ല. രണ്ട് കാരണങ്ങളാണ് എനിക്ക് ചൂണ്ടിക്കാണിക്കാനുള്ളത്. ഒന്ന്,ഡോക്യുമെന്ററിയുടെ ഭാഗമായ മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോയെയും, മറ്റൊന്ന് ബി.ബി.സിയെയും കുറിച്ചാണ്. ഇറാക്ക് യുദ്ധത്തിന്റെ സൂത്രധാരനായ ജാക്ക് സ്ട്രോ,ഇന്ത്യയുടെ സുഹൃത്തായിരുന്ന ഒരു ഭരണാധികാരിയെ ഇല്ലാതാക്കിയ ആളാണ്. കാശ്മീരിന്റെ പകുതി ഭാഗമില്ലാത്ത ഭൂപടം പ്രസിദ്ധീകരിച്ച മാദ്ധ്യമ സ്ഥാപനമാണ് ബി.ബി.സി. ഇപ്പോൾ ഇരുവരും ഈ ഡോക്യുമെന്ററിയുമായി വന്നതിന് പിന്നിൽ ദുരൂഹമായ സാഹചര്യമുണ്ട്.

. നമ്മുടെ രാജ്യത്ത് 80 ശതമാനവും ഒരു പ്രത്യേക മതത്തിലുള്ളവരാണ്. അവരുടെ പൂർണ്ണ പിന്തുണയുണ്ടെങ്കിലേ രാജ്യത്ത് മതേതരത്വം നിലനിറുത്താൻ കഴിയു. ചെറിയൊരു വിഭാഗത്തിന്റെ നിലപാടുകൾ വലിയ വിഭാഗത്തിന് മേൽ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത് ഗുണകരമാകില്ല . ആരെയും പ്രീണിപ്പിക്കാതെ എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ കഴിയണം-അനിൽ പറഞ്ഞു.

Advertisement
Advertisement