പേരുവാലിയിൽ ഇത് ഇഞ്ചതല്ലിന്റെ കാലം

Tuesday 31 January 2023 11:33 PM IST

കോന്നി: തണ്ണിത്തോട് പേരുവാലിയിൽ ഇത് ഇഞ്ചതല്ലിന്റെ കാലമാണ്. വേനൽക്കാലത്താണ് ഇവിടെ കൂടുതലായി ഇഞ്ചതല്ലുന്നത്. പഴയ കാലത്ത് സോപ്പിനു പകരം ഉപയോഗിച്ചിരുന്ന ഇഞ്ചയ്‌ക്ക്‌ ഇപ്പോഴും പ്രിയം കുറഞ്ഞിട്ടില്ല. ഉൾക്കാടുകളിൽനിന്ന്‌ ആദിവാസികൾ വെട്ടിക്കൊണ്ടുവരുന്ന ഇഞ്ചയ്‌ക്ക്‌ ആവശ്യക്കാർ ഏറെയാണ്‌. വനത്തിലെ വലിയ മരങ്ങളിൽ പന്തലിച്ചു കിടക്കുന്ന ഇഞ്ചയാണ് ആദിവാസികളുടെ പ്രധാന വരുമാനമാർഗം. ത്വക്കിന്റെ സൗന്ദര്യം നിലനിറുത്താനും ഔഷധമായും ഇവ ഉപയോഗിക്കുന്നു. ഇഞ്ചവള്ളി മുള്ളുകളഞ്ഞ് എടുത്ത് നമുക്കു മുമ്പിൽവച്ചുതന്നെ ചതച്ചാണ് ഇവർ നൽകുന്നത്. ഇഞ്ച ചതയ്ക്കുമ്പോൾ തന്നെ അതിന്റെ ഔഷധഗുണങ്ങളും ഇവർ വിവരിക്കും. കല്ലാറിന്റെ തീരത്ത് താമസിച്ചാണ് ആദ്യകാലത്ത് ഇവർ കാട്ടിനുള്ളിൽ നിന്ന് ഇഞ്ച ശേഖരിക്കാൻ പോയിരുന്നത്. വലിയ മരങ്ങളിൽ ചുറ്റിപ്പിരിഞ്ഞു കിടക്കുന്ന ഇഞ്ച വെട്ടിയെടുക്കുക ബുദ്ധിമുട്ടാണ്. നല്ലതുപോലെ മൂത്തുകഴിഞ്ഞ ഇഞ്ചവള്ളിയിൽ മുള്ളുകൾ കുറവായിരിക്കും. വർഷം മുഴുവൻ ആദിവാസിക്ക് വനത്തിൽനിന്നു കിട്ടുന്ന ഉൽപ്പന്നമാണ് ഇഞ്ച. പുരുഷൻമാർ മരത്തിൽ കയറി ഇഞ്ച വള്ളി വെട്ടിയിടും. പാറപ്പുറത്ത് കൊണ്ടുപോയി ചതച്ച് ഉണക്കിയെടുക്കുന്ന ജോലി സ്ത്രീകൾക്കാണ്. ആദ്യം ഒന്നര, രണ്ടടി നീളത്തിലുള്ള കഷണമാക്കും. പിന്നീട് തടികൊണ്ടോ വെട്ടുകത്തിയുടെ മറുഭാഗം കൊണ്ടോ ഇഞ്ചയുടെ തൊലി തല്ലി അടർത്തിയെടുക്കും.ഇത് രണ്ടു ദിവസത്തെ വെയിൽ കൊണ്ടാൽ ഉപയോഗിക്കാൻ പാകത്തിനാകും .

ആദിവാസികളുടെ വരുമാന മാർഗം

പ്രദേശത്തെ ആദിവാസികളുടെ പ്രധാന തൊഴിൽ തേനും കുന്തിരക്കവും ഇഞ്ചയും ശേഖരിക്കലാണ്. വേനൽക്കാലത്ത് തേൻ കുറയുമ്പോൾ ഇഞ്ച വെട്ടിലേക്ക് ഇവർ മാറും. മൂത്ത വളളിക്ക് ഇരുപത്തഞ്ച് മീറ്ററോളം നീളവും പത്ത് ഇഞ്ചോളം വണ്ണവുമുണ്ടാകും. അഞ്ച് മീറ്ററോളം നീളമുളള ഒരു പൊളിക്ക് ഇപ്പോൾ നൂറു മുതൽ നൂറ്റിയൻപത് രൂപ വരെ വില ലഭിക്കും. വനശ്രീ ഡിപ്പോകൾ വഴിയും ഇഞ്ച വിറ്റഴിക്കും ആദിവാസി കുടുംബങ്ങൾ ഇഞ്ച തല്ലി ചതച്ചെടുക്കുന്നത് കോന്നി തണ്ണിത്തോട് റോഡിലെ പെരുവാലിയിലെ കൗതുകമുണർത്തുന്ന കാഴചയാണ്‌.