കേരള സ്‌കിൽസ് എക്സ്‌പ്രസ് പദ്ധതി തുടങ്ങി

Wednesday 01 February 2023 12:55 AM IST

തിരുവനന്തപുരം: നോളഡ്ജ് ഇക്കോണമി മിഷന്റെ 'കണക്ട് കരിയർ ടു കാമ്പസ്' കാമ്പെയിനിന്റെ ഭാഗമായുള്ള കേരള സ്‌കിൽസ് എക്സ്‌പ്രസ് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക്കിന്റെയും,കാഫിറ്റ്,ഡബ്ല്യു.ഐ.ടി,നാസ്‌കോം,സി.ഐ.ഐ എന്നിവയുടെയും സഹായത്തോടെയാണിത് സംഘടിപ്പിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഇക്കൊല്ലം ബിരുദ,ബിരുദാനന്തര പഠനം പൂർത്തിയാക്കുന്ന 10,000 പേർക്ക് വിവിധ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിൽ തൊഴിൽ നൽകുകയും വ്യവസായ പങ്കാളികളുടെ സഹായത്തോടെ മികച്ച തൊഴിൽ മാതൃകയ്ക്ക് രൂപം നൽകുന്നതുമാണ് പദ്ധതി. ഇതിന്റെ ഭാഗമായി നേരത്തേ നടത്തിയ ഐ.ടി കമ്പനികളുടെ ഇൻഡസ്ട്രി മീറ്റിൽ 130ലേറെ കമ്പനികൾ പങ്കെടുത്തിരുന്നു. തൊഴിലവസരങ്ങളും ഇന്റേൺഷിപ്പ് അവസരങ്ങളും ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിലേക്ക് ഏകോപിപ്പിക്കാൻ മീറ്റിൽ തീരുമാനിച്ചു.

ചടങ്ങിൽ കെ-ഡിസ്‌ക്ക് എക്‌സിക്യുട്ടീവ് വൈസ് ചെയർമാൻ ഡോ.കെ.എം. എബ്രഹാം,ഐ.ബി.എസ് സോഫ്റ്റ് വെയർ ചെയർമാൻ വി.കെ. മാത്യൂസ്,ടെക്‌നോപാർക്ക് സി.ഇ.ഒ സഞ്ജീവ്‌ നായർ,സാങ്കേതിക സർവകലാശാല വൈസ്ചാൻസലർ ഡോ.സിസതോമസ് തുടങ്ങിയവർ പങ്കെടുത്തു.