രാഷ്ട്രീയ അതിപ്രസരം കാരണം ജോലിപറ്റുന്നില്ല: സിസ തോമസ്,  രാഷ്ട്രീയക്കാർക്കാവശ്യം താളത്തിന് തുള്ളുന്ന പാവ, ഗവർണർ അടിയന്തരമായി ഇടപെടണം

Wednesday 01 February 2023 12:25 AM IST

തിരുവനന്തപുരം: രാഷ്ട്രീയ അതിപ്രസരം കാരണം ചുമതലകൾ നിർവഹിക്കാനാവുന്നില്ലെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർ പ്രൊഫ.സിസ തോമസ് ചാൻസലറായ ഗവർണർക്ക് റിപ്പോർട്ട് നൽകി.

വൈസ് ചാൻസലറുടെ കസേരയിൽ താളത്തിന് തുള്ളുന്ന പാവയെയാണ് രാഷ്ട്രീയക്കാർക്ക് ആവശ്യം. അങ്ങനെയൊരു ആളെ കിട്ടാത്തതിന്റെ അരിശം തന്നോട് തീർക്കുകയാണ്.

സിൻഡിക്കേറ്റും ബോർഡ് ഒഫ് ഗവേണൻസും തന്റെ കൈകൾ കെട്ടിയിടാൻ ശ്രമിക്കുകയാണ്. സ്വതന്ത്രമായി തീരുമാനങ്ങളെടുക്കുന്നത് തടയുകയാണ് ഈ സമിതികളുടെ ലക്ഷ്യം.

തന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഉപസമിതിയെ നിയോഗിച്ച സിൻഡിക്കേറ്റ് നടപടി സർവകലാശാലാ നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണെന്ന് വൈസ് ചാൻസലർ ചൂണ്ടിക്കാട്ടി. ആക്ടിലെ 14(5)സെക്ഷൻ പ്രകാരം വി.സിയും മറ്റ് അധികാരികളുമായും തർക്കമുണ്ടായാൽ അതിൽ ചാൻസലറുടെ തീരുമാനമാണ് അന്തിമം. രണ്ട് രാഷ്ട്രീയക്കാരും എയ്ഡഡ് കോളേജിലെ ഒരു അസോസിയേറ്റ് പ്രൊഫസറും രജിസ്ട്രാറുമാണ് ഉപസമിതിയിൽ. വളരെ ജൂനിയറായ അസോ.പ്രൊഫസറെയും കീഴുദ്യോഗസ്ഥനായ രജിസ്ട്രാറെയുമാണ് വി.സിയെ നിയന്ത്രിക്കാൻ സിൻഡിക്കേറ്റ് നിയോഗിച്ചിരിക്കുന്നത്.

വി.സിയുടെ ഓഫീസിലെയും ഇ-ഗവേണൻസ്, പരീക്ഷ, അക്കാഡമിക് വിഭാഗങ്ങളിലെയും 10ജീവനക്കാരെ മാറ്റിനിയമിച്ചത് ബോർഡ് ഒഫ് ഗവേണൻസ് യോഗം മരവിപ്പിച്ചു. ഇത് അംഗീകരിക്കാനാവുന്നതല്ലെന്നും ഗവർണറെ വി.സി അറിയിച്ചു.

കഴിഞ്ഞ മേയ് മുതൽ ഒഴിഞ്ഞുകിടക്കുന്ന ഫിനാൻസ് ഓഫീസറുടെ ചുമതല രജിസ്ട്രാറാണ് വഹിക്കുന്നത്. സാമ്പത്തിക ബാദ്ധ്യതയുണ്ടാവുന്ന ഫയലുകൾ വി.സി അംഗീകരിക്കണമെന്നാണ് ചട്ടം. എന്നാൽ സിൻഡിക്കേറ്രംഗങ്ങളുടെ ടി.എ, ഡി.എ, ഓണറേറിയം അടക്കമുള്ള ബില്ലുകൾ വി.സിയുടെ അംഗീകാരത്തിന് നൽകാറില്ല. ഹൈക്കോടതിയിലെ കേസുകളിൽ സ്റ്റാൻഡിംഗ് കോൺസൽ ഹാജരാകാറില്ലെന്നും റിപ്പോർട്ടിൽ അറയിച്ചു.

വിലക്കുകൾ

1)ഗവർണറും വി.സിയും തമ്മിലുള്ള എല്ലാ ആശയവിനിമയങ്ങളും സിൻഡിക്കേറ്റിൽ സമർപ്പിക്കണമെന്നും സിൻഡിക്കേറ്റിന്റെ അനുമതിയോടെമാത്രമേ ആശയവിനിമയം പാടുള്ളൂ എന്നുമാണ് നിർദ്ദേശം. ഇതിന് സിൻഡിക്കേറ്റിന് അധികാരമില്ലെന്ന് വി.സി

2)ചോദ്യപേപ്പർ വിഭാഗത്തിൽ പി.എസ്.സി വഴി നിയമനം ലഭിച്ച രണ്ട് അസിസ്റ്റന്റുമാരെ നിയോഗിക്കാനുള്ള വി.സിയുടെ ഉത്തരവ് രജിസ്ട്രാർ പാലിച്ചില്ല. ഇതേത്തുടർന്ന് ഉത്തരവ് വി.സി നേരിട്ട് ഇറക്കി. സിൻഡിക്കേറ്റ് അനുമതിയില്ലാതെ ജീവനക്കാരെ മാറ്റിയത് അംഗീകരിക്കാനാവില്ലെന്നാണ് ബോർഡ് ഒഫ് ഗവേണൻസ് നിലപാട്.