നേട്ടങ്ങൾ അക്കമിട്ട് സാമ്പത്തിക സർവേ: വ്യവസായത്തിൽ തിരിച്ചുവരവ്; മുന്നേറി കൃഷിയും ആരോഗ്യവും

Wednesday 01 February 2023 3:44 AM IST

കൊച്ചി: കേന്ദ്രസർക്കാരിന്റെയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെയും നടപ്പുവർഷത്തെ ഇതുവരെയുള്ള നേട്ടങ്ങൾ അക്കമിട്ട് നിരത്തുന്നതായിരുന്നു ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ പാർലമെന്റിൽവച്ച സാമ്പത്തിക സർവേ റിപ്പോർട്ട്. കൊവിഡ്, റഷ്യ-യുക്രെയിൻ യുദ്ധം, ഉയർന്ന കമ്മോഡിറ്റി-അസംസ്കൃതവസ്തു വിലകൾ തുടങ്ങിയ പ്രതിസന്ധികളിൽ നിന്നുള്ള അതിവേഗ തിരിച്ചുകയറ്റവും ഇതിനായി കേന്ദ്രസർക്കാരും റിസർവ് ബാങ്കും സ്വീകരിച്ച നടപടികളുടെ പ്രാധാന്യവും റിപ്പോർട്ടിൽ കാണാം.

2022ൽ ഉടനീളം കനത്ത പ്രതിസന്ധി സൃഷ്‌ടിച്ച നാണയപ്പെരുപ്പം റിസർവ് ബാങ്കിന്റെ നിയന്ത്രണപരിധിക്കുള്ളിൽ തിരിച്ചെത്തിയത് ശ്രദ്ധേയമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ ഉപഭോഗം 2015ന് ശേഷമുള്ള ഉയരത്തിലെത്തിയത് എല്ലാ മേഖലകൾക്കും ഉണർവായി. കേന്ദ്രസർക്കാരിന്റെ മൂലധനച്ചെലവ് 2009-20 കാലയളവിലെ ശരാശരിയായ 2.5 ശതമാനമായി 2021-22ൽ ഉയർന്നത് കേന്ദ്രത്തിന്റെ സമ്പദ്‌ഭദ്രതയ്ക്കും സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുകയറ്റത്തിനും തെളിവാണ്.

എം.എസ്.എം.ഇ വായ്‌പകൾ 30.6 ശതമാനം വളർന്നു. ബാങ്കുകളുടെ കിട്ടാക്കടനിരക്ക് ഏഴുവർഷത്തെ താഴ്‌ചയായ 5 ശതമാനത്തിലെത്തി. ആരോഗ്യമേഖലയ്ക്കുള്ള ചെലവ് 2020-21ലെ 1.6 ശതമാനത്തിൽ നിന്നുയർന്ന് 2.2 ശതമാനത്തിലെത്തി. സാമൂഹ്യമേഖലയിലെ ചെലവ് 9.1 ലക്ഷം കോടി രൂപയിൽ നിന്ന് 21.3 ലക്ഷം കോടി രൂപയായി. തൊഴിലില്ലായ്‌മനിരക്ക് 5.8 ശതമാനത്തിൽ നിന്ന് 4.2 ശതമാനത്തിലേക്ക് താഴ്‌ന്ന് കൊവിഡിന് മുമ്പത്തേക്കാളും മെച്ചത്തിലെത്തി.

കാർഷികമേഖലയിൽ നിക്ഷേപം ഉയർന്നുവെന്നും വായ്‌പകൾ കൂടിയെന്നും താങ്ങുവില ഉയർത്തിയെന്നും റിപ്പോർട്ടിലുണ്ട്. വ്യവസായമേഖലയുടെ മൂല്യവർദ്ധന (ജി.വി.എ) 2.8 ശതമാനത്തിൽ നിന്നുയർന്ന് 3.7 ശതമാനത്തിലെത്തി.

കയറ്റുമതി

മുന്നോട്ട്

നടപ്പുവർഷം ഏപ്രിൽ-ഡിസംബറിൽ 33,​280 കോടി ഡോളറിന്റെ കയറ്റുമതി വരുമാനം ഇന്ത്യ നേടി. വിപണി വിപുലീകരിച്ച ഇന്ത്യ ബ്രസീൽ,​ ദക്ഷിണാഫ്രിക്ക,​ സൗദി എന്നിവിടങ്ങളിലേക്ക് കയറ്റുമതി ഉയർത്തി. യു.എ.ഇ.,​ ഓസ്‌ട്രേലിയ എന്നിവയുമായി വ്യാപാരക്കരാറിൽ ഏർപ്പെട്ടതും നേട്ടമായി.

 ഏറ്റവുമധികം വിദേശനാണയ ശേഖരമുള്ള രാജ്യങ്ങളിൽ ഇന്ത്യ ആറാംസ്ഥാനത്ത്.

 ദേശീയ അടിസ്ഥാനസൗകര്യ പൈപ്പ്‌ലൈനിൽ (എൻ.ഐ.പി)​ 141.4 ലക്ഷം കോടി രൂപയുടെ 89,​151 പദ്ധതികൾ പുരോഗമിക്കുന്നു.

 ഡിജിറ്റൽ ഇന്ത്യ: യു.പി.ഐ ഇടപാടുകൾ മൂല്യത്തിലും എണ്ണത്തിലും റെക്കാഡ് ഉയരത്തിലെത്തി.

 ഇന്ത്യയിൽ ഫോൺ ഉപഭോക്താക്കൾ 117 കോടി കവിഞ്ഞു.

Advertisement
Advertisement