ആനപെട്ടകോങ്കൽ- 17ാം ബ്ലോക്ക് കനാൽ പാലം അപകട ഭീഷണിയിൽ

Wednesday 01 February 2023 12:57 AM IST
അപകടഭീക്ഷണി നേരിടുന്ന ആനപെട്ടകോങ്കൽ-17ാംബ്ലോക്ക് കനാൽ പാലം

പുനലൂർ: കല്ലട ഇറിഗേഷന്റെ നിയന്ത്രണത്തിലുള്ള വലത്കര കനാലിന് മദ്ധ്യേയുള്ള ആനപെട്ടകോങ്കൽ -17-ാം ബ്ലോക്ക് പാലം അപകട ഭീഷണിയിൽ. അര നൂറ്റാണ്ടോളം പഴക്കമുള്ള കോൺക്രീറ്റ് പാലത്തിന്റെ കൈവരികൾക്ക് വിള്ളൽ വീഴുകയും സമീപത്ത് കുഴി രൂപപ്പെടുകയും ചെയ്തത് കാരണം ഇതുവഴിയെത്തുന്ന വാഹന യാത്രക്കാരും കാൽ നടയാത്രക്കാരും കടുത്ത ആശങ്കയിലാണ്.

അര നൂറ്റാണ്ട് പഴക്കം

കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ ഇടമൺ -34 പവർ ഹൗസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് മഠത്തിന് സമീപത്തെ17-ാം ബ്ലോക്ക് വഴി കാർഷിക മേഖലയായ ആനപെട്ടകോങ്കലിലെത്തുന്ന പ്രധാന പാതയിലെ പാലമാണിത്. കെ.ഐ.പിയുടെ നിയന്ത്രണത്തിലുള്ള വലത്കര കനാൽ നിർമ്മിക്കുന്നതിനൊപ്പമായിരുന്നു കോൺക്രീറ്റ് പാലവും പണിതത്. തുടർന്ന് പുനരുദ്ധാരണ ജോലികൾ നടത്താതിരുന്നതിനെ തുടർന്നാണ് അര നൂറ്റാണ്ട് പഴക്കമുള്ള പാലം അപകട ഭീഷണി നേരിടുന്നത്.

അധികൃതർ ഇടപെടണം

ആനപെട്ടകോങ്കൽ, തുരപ്പും പുറം, ഉദയഗിരി, പുലികോങ്കൽ,നെടുംപച്ച തുടങ്ങിയ സ്ഥലങ്ങളിലെ കർഷകർ ഉൾപ്പെടെയുള്ള താമസക്കാർ ദേശീയ പാതയിലെ ഇടമൺ 34ലും ഇടമൺ സത്രം ജംഗ്ഷനിലും മറ്റും എത്തുന്ന പാലമാണ് അപകടക്കെണിയായത്. അടിയന്തരമായി അധികൃതർ ഇടപെട്ട് പാലം പുനരുദ്ധരിച്ച് അപകടഭീഷണി ഒഴിവാക്കണമെന്നാണ് ആവശ്യം.