ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത ഭർത്താവിന് മർദ്ദനം, പ്രതികൾ പിടിയിൽ

Wednesday 01 February 2023 1:38 AM IST

കൊല്ലം: ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത ഭർത്താവിനെ ക്രൂരമായി മർദ്ദിച്ച യുവാക്കൾ അറസ്റ്റിൽ. മുണ്ടയ്ക്കൽ, തിരുവാതിര നഗർ-53ൽ അരുൺ (20), മുണ്ടയ്ക്കൽ, തിരുവാതിര നഗർ-49ൽ രഞ്ജിത്ത് (20) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മാസം 29ന് രാത്രി 7.30 ഓടെ ക്ഷേത്ര ഉത്സവം കഴിഞ്ഞ് മടങ്ങിവന്ന സ്ത്രീയെ പ്രതികൾ സംഘം ചേർന്ന് ശല്യപ്പെടുത്തുകയും പ്രതികളിൽ ഒരാൾ കൈയിൽ കയറി പിടിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ഭാര്യാസഹോദരനോടൊപ്പം ബൈക്കിലെത്തിയ ഭർത്താവ് പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെ വാക്കുതർക്കമുണ്ടാവുകയും പ്രതികൾ ഇവരെ ബൈക്കിൽ നിന്ന് പിടിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

തുടർന്ന് നൽകിയ പരാതിയിൽ കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ജി.അരുണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രഞ്ജു, ജോസ്, ഷെഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.