ശ്രീനാരായണ സാംസ്കാരിക സമുച്ചയം വിസ്മയ കാഴ്ചകളുടെ കൂടാരം

Wednesday 01 February 2023 2:02 AM IST

 പദ്ധതി ഉദ്ഘാടനം മാർച്ചിൽ

കൊല്ലം: ദേശിംഗനാടിന് അഭിമാനമായി വിസ്മയ കാഴ്ചകളുടെ കൂടാരമായി ആശ്രാമത്ത് നിർമ്മിച്ച ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു.

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നൂറുദിന കർമ്മ പദ്ധതിയിൽ മാർച്ചിൽ സമുച്ചയം ഉദ്ഘാടനം ചെയ്യും. എം. മുകേഷ് എം.എൽ.എ ഇന്നലെ സമുച്ചയം സന്ദർശിച്ച് അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. ആർട്ട് ഗ്യാലറി, എ.വി തിയേറ്റർ, ബ്ളാക്ക് ബോക്സ് തിയേറ്റർ, ഓപ്പൺ ഏരിയാ തിയേറ്റർ, ആർട്ട് ഗ്യാലറി, കരകൗശല മ്യൂസിയം, റിഹേഴ്‌സൽ ഹാൾ, ഗോത്രകലാ മ്യൂസിയം, കഫെറ്റേരിയ തുടങ്ങിയവയെല്ലാമായി മൂന്നരയേക്കർ സ്ഥലത്ത് 91000 ചതുരശ്രയടിയിൽ വ്യാപിച്ചുകിടക്കുന്ന സമുച്ചയം അത്യപൂർവ ശില്പ ചാരുതയാൽ വേറിട്ടുനിൽക്കുന്നു. പുൽത്തകിടിയും വർണച്ചെടികളും മരങ്ങളും എല്ലാമായി പച്ചപ്പ് നിറഞ്ഞ കാമ്പസും സജ്ജമായി. എൻട്രൻസ് ബ്ളോക്ക്, എക്സിബിഷൻ ബ്ളോക്ക്, ഓഡിറ്റോറിയം ആൻഡ് പെർഫോമൻസ് ബ്ളോക്ക്, കാഫറ്റേരിയ, ഓപ്പൺ എയർ തിയേറ്റർ എന്നിങ്ങനെയാണ് സമുച്ചയം തിരിച്ചിരിക്കുന്നത്.

ശ്രീനാരായണ ഗുരുദേവ മ്യൂസിയത്തിന്റെയും ഡിജിറ്റൽ ലൈബ്രറിയുടെയും ഇന്റീരിയർ ജോലികളും പ്രവേശന കവാടത്തിന്റെ നിർമ്മാണവുമാണ് ഇനി ബാക്കിയുള്ളത്. 250 പേർക്കിരുന്ന് പ്രോഗ്രാം കാണാവുന്ന വിധമാണ് തീയേറ്റർ സജ്ജമാക്കിയിട്ടുള്ളത്. എ.വി തിയേറ്ററിൽ 205 പേർക്കും സെമിനാർ ഹാളിൽ 140 പേർക്കും ഇരിക്കാം. കൂടാതെ അറുനൂറിലധികം പേർക്കിരിക്കാവുന്ന ഓപ്പൺ ഏരിയാ തിയേറ്ററുമുണ്ട്. 2019 ഫെബ്രുവരിയിലാണ് നിർമ്മാണം ആരംഭിച്ചത്. എം.മുകേഷ് എം.എൽ.എയുടെ ശ്രമഫലമായി 2016 -17ലെ ബഡ്ജറ്റിലാണ് കിഫ്ബിയിൽ നിന്ന് തുക അനുവദിച്ചത്. മുംബയ് ആസ്ഥാനമായ റേ കൺസ്ട്രക്ഷനാണ് കരാറുകാർ. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനാണ് നിർവഹണ ഏജൻസി.

കരാർ തുക ₹ 55.91 കോടി

വിസ്തീർണം - 91,000 ചതുരശ്രയടി

കാമ്പസ് - 3.82 ഏക്കർ