ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള കേളികൊട്ട് ഉയരുന്നു: എം.വി.ഗോവിന്ദൻ

Wednesday 01 February 2023 2:09 AM IST

തിരുവനന്തപുരം: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള എല്ലാ ശ്രമങ്ങളും നരേന്ദ്രമോദി സർക്കാർ നടത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അതിന്റെ ഭാഗമാണ് ഏക സിവിൽ കോഡും പൗരത്വ ഭേദഗതി ബില്ലുമെല്ലാമെന്നും അദ്ദേഹം പറഞ്ഞു. 1973ലെ ഐതിഹാസിക പണിമുടക്കിന്റെ 50ാം വാർഷികത്തോടനുബന്ധിച്ച് എ.കെ.ജി ഹാളിൽ സംഘടിപ്പിച്ച സമരനേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് നേരെ വ്യാപകമായ ആക്രമണം നടക്കുകയാണ്. മുസ്ളിം,​മിഷനറി,​മാർക്‌സിസ്റ്റ് എന്നിവ ഇന്ത്യയിൽ ഉണ്ടാകരുതെന്ന് ആർ.എസ്.എസും ബി.ജെ.പിയും ആഗ്രഹിക്കുന്നു. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയും തങ്ങളുടെ വരുതിയിലാക്കാനാണ് ആർ.എസ്.എസിന്റെ ശ്രമം. സുപ്രീംകോടതി കൊളീജിയത്തിലെ നിയമനങ്ങളിലെ ഇടപെടൽ അതാണ് കാണിക്കുന്നത്. കൊളീജിയത്തിൽ നിയന്ത്രണത്തിനായി കേന്ദ്രം നിരന്തരം ശ്രമിക്കുകയാണ്. നാളെ അവർ ജഡ്ജിമാരെ നിയമിക്കാനുള്ള അവകാശം പൂർണമായും കൈയാളുമെന്നതിൽ സംശയമില്ല. ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം ഇപ്പോൾ തന്നെ അർദ്ധസൈനിക വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം ചേർന്നാൽ പിന്നീടുള്ള യാത്ര ഫാസിസത്തിലേക്കായിരിക്കും. ഇത് എതിർക്കപ്പെടണം. അതിനാൽ 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയണം. ഇന്നത്തെ രാഷ്ട്രീയ സാചര്യത്തിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് ബി.ജെ.പിക്ക് ബദലാകാൻ കഴിയുമെന്ന് ആരും വിശ്വസിക്കുന്നില്ല. അതിനാൽ ഓരോ സംസ്ഥാനവും ജയിക്കുന്ന പാർട്ടി ഏതാണെന്ന് നോക്കി ബി.ജെ.പി ഇതരവോട്ടുകൾ ഏകോപിപ്പിക്കുകയാണ് വേണ്ടത്. അതിനു കഴിഞ്ഞില്ലെങ്കിൽ 2025 ആകുമ്പോൾ ഹിന്ദുരാഷ്ട്രത്തിലേക്കും ഫാസിസത്തിലേക്കും ഇന്ത്യ എത്തുമെന്നതിൽ സംശയം വേണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

എഫ്.എസ്ഇ.ടി.ഒ പ്രസിഡന്റ് എൻ.ടി.ശിവരാജൻ അദ്ധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന പ്രസി‌ഡന്റ് ആനത്തലവട്ടം ആനന്ദൻ,പി.വേണുഗോപാലൻ നായർ,​കെ.വി.രാജേന്ദ്രൻ,​പി.ആനന്ദൻ,​കെ.ബാലകൃഷ്‌ണൻ നമ്പ്യാർ,​എം.കെ.വാസു,കെ.ആർ.ഭാനുമതി,​ആർ.ഗോപിനാഥൻ നായർ തുടങ്ങിയവർ പങ്കെടുത്തു.