ലക്നൗവിലെ വിവാദ പിച്ചുണ്ടാക്കിയ ക്യുറേറ്ററെ പുറത്താക്കി

Wednesday 01 February 2023 6:28 AM IST

ലക്നൗ: ലക്നൗവിലെ അടൽ ബിഹാരി വാജ്പെയി സ്റ്റേഡിയം വേദിയായ ഇന്ത്യ -ന്യൂസിലൻഡ് ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിന് പിച്ചൊരുക്കിയ ക്യുറേറ്രർ സുരേന്ദറിനെ മാറ്റി ഉത്തർപ്രദേശ് ക്രിക്കറ്ര് അസോസിയേഷൻ. ഇരുടീമിന്റെയും ക്യാപ്ടൻമാർ ഉൾപ്പെടെ നിരവധിപ്പേർ വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ബി.സി.സി.ഐയുടെ നടപടി. സഞ്ജിവ് കുമാർ അഗർവാളാണ് പുതിയ ക്യുറേറ്റർ. മത്സരത്തിൽ ആദ്യം ബാറ്റ്ചെയ്ത ന്യൂസിലൻഡിന് നേടാനായത് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് മാത്രമായിരുന്നു. മറുപടിക്കിറങ്ങിയ ഇന്ത്യ വിജയലക്ഷ്യത്തിലെത്തിയത് ഒരു പന്ത് ശേഷിക്കെയാണ്. മത്സരത്തിൽ ഒരുസിക്സ് പോലും ആർക്കും അടിക്കാനുമായില്ല. രാജ്യാന്തര ട്വന്റി -20യിൽ ഒരു സിക്‌സ് പോലും പിറക്കാതെ ഏറ്റവും കൂടുതൽ പന്തുകൾ എറിഞ്ഞ മത്സരമെന്ന റെക്കാഡും ലക്നൗ ട്വന്റി-20ക്കാണ്. അതേസമയം ഇന്ത്യൻ ടീമിന്റെ ആവശ്യ പ്രകാരം അവസാന നിമിഷം പിച്ചിൽ മാറ്രങ്ങൾ വരുത്തേണ്ടി വന്നുവെന്നും അതാണ് പ്രശ്നമായതെന്നും റിപ്പോർട്ടുകളുണ്ട്.