ലോകകപ്പിലെ കലിപ്പിൽ ഖേദം പ്രകടിപ്പിച്ച് മെസി

Wednesday 01 February 2023 6:32 AM IST

ബ്യൂണസ് ഐറിസ്: ഖത്തർ ലോകകപ്പിലെ ക്വാ‌ർട്ടറിൽ നെതർലൻഡ്സ് കോച്ചിനും താരങ്ങൾക്കുമെതിരെ നടത്തിയ രോഷ പ്രകടനത്തിൽ ഖേദം പ്രകടിപ്പിച്ച് ലോകചാമ്പ്യൻമാരായ അർജന്റീനയുടെ നായകൻ ലയണൽ മെസി. നെതർലൻഡ്സ് കോച്ച് ലൂയിസ് വാൻഗാലിനും സ്ട്രൈക്കർ വെഗോസ്റ്റിനുമെതിരെയാണ് മെസി കൂടുതൽ രോഷാകുലനായത്. ഞാൻ ആസൂത്രണം ചെയ്തെന്നുമല്ല അങ്ങനെ പെരുമാറിയത്. ആ പ്രത്യേക നിമിഷത്തിൽ അങ്ങനെ സംഭവിച്ചു പോയതാണ്. വളരെ സമ്മർദ്ദമ്മുള്ള നിമിഷങ്ങളായിരുന്നു അത്. എല്ലാം പെട്ടെന്ന് സംഭവിച്ചതാണ്.-ക്വാർട്ടറിന് ശേഷം അഭിമുഖത്തിനിടെ വെഗോസ്റ്റിനെതിരായി ചൂടായതിനെക്കുറിച്ച് മെസി പറഞ്ഞു.

നെതർലൻഡ്സ് കോച്ച് വാൻഗാലിനെതിരെ ദേഷ്യത്തിൽ പെരുമാറിയതിലും മെസിക്ക് പശ്ചാത്താപമുണ്ട്. വാൻഗാൽ മത്സരത്തിന് മുമ്പ് പറഞ്ഞ കാര്യങ്ങളാണ് എന്ന ചൊടിപ്പിച്ചത്. അദ്ദേഹം എന്താണ് പറഞ്ഞതെന്ന് എനിക്ക് അറിയാമായിരുന്നു. ടീമംഗങ്ങളിൽ ചിലർ അക്കാര്യങ്ങൾ എന്നോട് പറയുകയും ചെയ്തു. ഇക്കാര്യങ്ങളൊക്കെ മനസിലുണ്ടായിരുന്നതിനാൽ അങ്ങനെ സംഭവിച്ചുപോയതാണ്. നെതർലൻഡ്സിനെതിരെ ഗോൾ നേടിയതിന് പിന്നാലെ വാൻഗാലിന് നേരെ നിന്ന് മുൻതാരം റിക്വിൽമിയുടെ ടോപ്പോ ഗിഗിയോ ഗോളാഘോഷം മെസി അനുകരിച്ചിരുന്നു. ഇതുകൂടാതെ വാൻഗാലിനടുത്തെത്തി മെസി ദേഷ്യപ്പെടുന്ന ദൃശ്യങ്ങളും വൈറലായിരുന്നു.