ആർമിയുടെ പവർ അറിഞ്ഞ് പൊലീസ്, സൈനികനെ   സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിച്ച സംഭവം സി ബി ഐക്ക് വിടും, കേന്ദ്ര പ്രതിരോധ മന്ത്രാലയം റിപ്പോർട്ട്  തേടി

Wednesday 01 February 2023 9:45 AM IST

കൊല്ലം: കിളികൊല്ലൂർ പൊലീസ് സൈനികനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച സംഭവത്തിന്റെ അന്വേഷണം സി.ബി.ഐക്ക് വിടുന്നത് സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. പൊലീസിനെതിരായ പരാതി പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. അതുകൊണ്ട് സംസ്ഥാന സർക്കാർ സി.ബി.ഐ അന്വേഷണത്തിന് അനുകൂലമായ റിപ്പോർട്ട് നൽകുമെന്നാണ് സൂചന. സംഭവം വിവാദമായതിന് പിന്നാലെ മിലിട്ടറി ഇന്റലിജൻസ് ഇവിടെയെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.

എ.ഡി.എം.എ കേസിലെ പ്രതിയെ ജാമ്യത്തിലെടുക്കാൻ വന്ന സൈനികനും സഹോദരനും കിളികൊല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐയെ കസേരയിൽ നിന്ന് വലിച്ച് നിലത്തിട്ട് സ്റ്റൂൾ കൊണ്ട് തലയ്ക്കടിച്ചെന്നായിരുന്നു കിളികൊല്ലൂർ പൊലീസ് ചമച്ച കള്ളക്കേസ്. യഥാർത്ഥത്തിൽ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാർ ഓരോരുത്തരായി സൈനികനെയും സഹോദരനെയും ക്രൂരമായി മർദ്ദിച്ച് അവശരാക്കുകയായിരുന്നു. പ്രതിരോധത്തിനിടയിൽ സൈനികൻ നൽകിയ ഒരു അടിയേറ്റാണ് എ.എസ്.ഐ പ്രകാശ് ചന്ദ്രന്റെ കണ്ണിന് മുകളിൽ പരിക്കേറ്റത്.

സംഭവത്തിന്റെ ചുരുൾ നിവർന്നതോടെ കിളികൊല്ലൂർ സി.ഐ, എസ്.ഐ എന്നിവരടക്കം നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം നവംബർ 25നായിരുന്നു അക്രമ സംഭവങ്ങൾ.