പൊതുമരാമത്ത് പണി കൗൺസിലർമാരെ അറിയിക്കുന്നില്ലെന്ന് പരാതി
ചിറ്റൂർ: നഗരസഭയിലെ പൊതുമരാമത്ത് പണി കൗൺസിലർമാരെ അറിയിക്കാതെ ഉദ്യോഗസ്ഥരും കരാറുകാരും ഒത്തുകളിക്കുന്നതായി കൗൺസിലിൽ പ്രതിപക്ഷ കൗൺസിലർ കെ.ബാബു ആരോപിച്ചു.
അണിക്കോട് ജംഗ്ഷനിൽ മത്സ്യവില്പന നടത്തുന്നവർ മാലിന്യം റോഡിൽ നിക്ഷേപിക്കുന്നതായും പച്ചക്കറി-തട്ടുകടകൾ അപകടത്തിന് വഴിയൊരുക്കുന്നതായും കൗൺസിലർ എ.റോബിൻ ബാബു പറഞ്ഞു. ആര്യമ്പള്ളത്തെ ശുദ്ധജല സ്രോതസിൽ കുളിക്കടവ് നിർമ്മിച്ച് ജലം മലിനമാക്കുന്നതായും ആരോപണമുയർന്നു. മുൻ കൗൺസിലിൽ കടവ് നിർമ്മിക്കാൻ തീരുമാനമെടുത്തപ്പോൾ എതിർക്കാത്തവർ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതിൽ അർത്ഥമില്ലെന്നും ജലം ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുന്നതെന്നും നഗരസഭാദ്ധ്യക്ഷ പറഞ്ഞു. ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചുമാറ്റി ബസ് സ്റ്റാൻഡ് നിർമ്മിക്കാനുള്ള തീരുമാനം അറിയിച്ചില്ലെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. ഒരുകോടി ചെലവിൽ തത്തമംഗലത്ത് നിർമ്മിച്ച സ്റ്റാൻഡിൽ ബസുകൾ കയറുന്നില്ല. ഇപ്പോൾ അവിടെ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയെന്നും കെ.മധു പറഞ്ഞു. ഉപാദ്ധ്യക്ഷൻ കെ.ശിവകുമാർ, ആർ.കിഷോർകുമാർ, ആർ.അച്യുതാനന്ദമേനോൻ, എം.മുകേഷ്, എം.മുഹമ്മദ് റാഫി, സി.മുഹമ്മദ് സലിം, കെ.ഷീജ, പി.സുചിത്ര പ്രസംഗിച്ചു.