കള്ള് ചെത്ത് വ്യവസായത്തെ തകർത്തത് സി.പി.എം: എ.തങ്കപ്പൻ

Thursday 02 February 2023 12:24 AM IST

കൊഴിഞ്ഞാമ്പാറ: സംസ്ഥാനത്തെ കള്ള് ചെത്ത് വ്യവസായ മേഖലയെ തകർത്തതിന്റെ ഉത്തരവാദികൾ സി.പി.എമ്മാണെന്ന് ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ പറഞ്ഞു. കേരള ടോഡി ആൻഡ് അബ്കാരി വർക്കേഴ്സ് കോൺഗ്രസ് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ബാറുകൾക്ക് യഥേഷ്ടം ലൈസൻസ് അനുവദിച്ചത് മൂലം പരമ്പരാഗതമായ കള്ള് ചെത്ത് മേഖല തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. ഷാപ്പുകൾ ഒന്നൊന്നായി അടച്ചുപൂട്ടുന്നു. നിരവധി പേർക്ക് തൊഴിൽ നഷ്ടമായി. വ്യാജമദ്യവും സ്പിരിറ്റും മാരക ലഹരി കടത്തുന്നതും സി.പി.എം നേതാക്കൾ തൊഴിലാക്കി മാറ്റിയതായും അദ്ദേഹം ആരോപിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.ബാലചന്ദ്രൻ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ആർ.നാരായണൻ, കെ.എസ്.തനികാചലം, കെ.സി.പ്രീത്, ആർ.സദാനന്ദൻ സംസാരിച്ചു.