വീരനായി ഹനുമ വിഹാരി; പൊട്ടിയ കൈക്കുഴയുമായി രഞ്ജിയിൽ ആന്ധ്രയെ കാക്കാൻ പോരാട്ടം, പുകഴ്‌ത്തി ആരാധകർ

Wednesday 01 February 2023 7:05 PM IST

ഇൻഡോർ: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഒരു വീരോചിത പോരാട്ടമാണ് ഇന്ന് കണ്ടത്. ആന്ധ്രാപ്രദേശും മദ്ധ്യപ്രദേശും തമ്മിലുളള മത്സരത്തിൽ ഇന്ന് ആന്ധ്രാ നായകൻ ഹനുമ വിഹാരി ഇടംകൈ കൊണ്ട് ബാറ്റ് ചെയ്‌ത് നിർണായക പോരാട്ടം കാഴ്‌ചവച്ചു. വലംകൈ ബാറ്ററായ വിഹാരി ഇടത് കൈക്കുഴയ്ക്ക് പൊട്ടലേറ്റത് മൂലമാണ് ഇടംകൈ കൊണ്ട് ബാറ്റ് ചെയ്‌തത്.

ഇടംകൈയിൽ ബാറ്റ് ചെയ്‌തെങ്കിലും വിഹാരിയുടെ ബാറ്റിംഗ് അത്ര മോശമായില്ല. 57 പന്തുകളിൽ അഞ്ച് ഫോറുകളടക്കം 27 റൺസ് ക്യാപ്‌റ്റൻ വിഹാരി നേടി. നേരത്തെ കളിയുടെ ആദ്യദിനം ആദ്യ ഇന്നിംഗ്‌സിൽ ആവേശ് ഖാന്റെ പന്ത് കൊണ്ട് കൈക്കുഴയ്ക്ക് പരിക്കേറ്റ വിഹാരി പിന്നെ ബാറ്റ് ചെയ്‌തില്ല. റിക്കു ഭുയി (149) കരൺ ഷിൻഡെ (110) എന്നിവരുടെ മികവുറ്റ ബാറ്റിംഗിൽ രണ്ട് വിക്കറ്റിന് 323 എന്ന നിലയിൽ നിന്ന് മൂന്നാം ദിനം ഒൻപതിന് 353 എന്ന് തകർന്നതോടെ പൊട്ടലിൽ ബാൻഡേജ് ചുറ്റി പത്താമനായി വിഹാരി ഇറങ്ങി. പരിക്ക് വകവയ്‌ക്കാതെ ബാറ്റ് ചെയ്‌ത വിഹാരിയുടെ ബാറ്റിംഗിന് ട്വിറ്ററിൽ സ്‌പോർട്‌സ് പ്രേമികൾ വലിയ അഭിനന്ദനമാണ് നൽകിയത്. ഇന്ത്യൻ താരങ്ങളായ ദിനേശ് കാർത്തിക്, വെങ്കിടേഷ് അയ്യർ എന്നിവർ വിഹാരിയുടെ ഒറ്റകൈ ബാറ്റിംഗിനെ വളരെയധികം പ്രശംസിച്ചിട്ടുണ്ട്.