ജഡ്‌ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം ; സൈബി ജോസിനെതിരെ കേസെടുത്തു , പ്രത്യേക സംഘം അന്വേഷിക്കും
തിരുവനന്തപുരം : ജഡ്‌ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു. കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഐ.പി.സി 420, അഴിമതി നിരോധനം സെക്ഷൻ 7 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കേസ് പ്രത്യേക സംഘം അന്വേഷിക്കും. ഡി.ജി,പിയുടെ ഉത്തരവ് വൈകാതെ പുറത്തിറങ്ങും. ഹൈക്കോടതി രജിസ്ട്രാർ ജനറൽ ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം.
അഡ്വ. സൈബി ജോസിന് കഴിഞ്ഞ ദിവസം കേരള ബാർ കൗൺസിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു,. 14 ദിവസത്തിനകം മറുപടി നൽകണം. സൈബിയുടെ വിശദീകരണം പരിശോധിച്ചാകും തുടർ നടപടി. സൈബിക്കെതിരെ ചില അഭിഭാഷകർ കേന്ദ്ര നിയമമന്ത്രാലയത്തിനു നൽകിയ പരാതി ഉചിതമായ നടപടിക്കായി ബാർ കൗൺസിലിന് അയച്ചുകൊടുത്തിരുന്നു. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ, ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവർക്കു നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് അഡ്വ. സൈബി 77 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതു സംബന്ധിച്ച് ഡി.ജി.പി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരുന്നു.