കർഷകരുടെയും മുല്ലപ്പെരിയാർ ഡാമിന്റെയും രക്ഷയ്‌ക്ക് ഇടുക്കി ജില്ല തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്ന് പി സി ജോർജ്; പരിസ്ഥിതിവാദികളുടെ കരണത്തടിക്കണമെന്നും ആവശ്യം
Wednesday 01 February 2023 7:39 PM IST
കോട്ടയം: വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ആളുകളെ കൊല്ലുന്നത് ഒഴിവാക്കാൻ അവയെ വെടിവച്ച് കൊന്ന് ഇറച്ചി സർക്കാർ വിറ്റ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്ന് കേരള ജനപക്ഷം (സെക്കുലർ) ചെയർമാൻ പി.സി ജോർജ്. ഇതിനെ എതിർക്കുന്ന പരിസ്ഥിതിവാദികളുടെ കരണത്തടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശല്യക്കാരായ വന്യമൃഗങ്ങളുടെ ഇറച്ചി ഇത്തരത്തിൽ മറ്റ് രാജ്യങ്ങളിൽ വിൽക്കാറുണ്ടെന്ന് ജോർജ് ചൂണ്ടിക്കാട്ടി.
ഇടുക്കി ജില്ലയെ സമ്പൂർണ വനമാക്കി മാറ്റി കോടിക്കണക്കിന് രൂപയുടെ കാർബൺ ഫണ്ട് തട്ടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും പി.സി ജോർജ് ആരോപിച്ചു. കഴിഞ്ഞ നാല് വർഷത്തിൽ കാട്ടാന ആക്രമണമത്തിൽ 105 പേർ മരിച്ചു. ജില്ലയിലെ കർഷകരുടെയും മുല്ലപ്പെരിയാർ ഡാമിന്റെയും രക്ഷയ്‌ക്കായി ഇടുക്കി ജില്ലയെ തമിഴ്‌നാടിന് വിട്ടുനൽകണമെന്നും ജോർജ് ആവശ്യപ്പെട്ടു.