മൂന്നുവർഷം, 12 കവിതാ സമാഹാരം കവിത എഴുതിയെഴുതി സിദ്ധാർത്ഥ
കൊച്ചി: മൂന്ന് വർഷംകൊണ്ട് 12 ഇംഗ്ളീഷ് കവിതാസമാഹാരങ്ങൾ, ഒരുവർഷം ഏറ്റവും കൂടുതൽ കവിതാ സമാഹാരം എഴുതിയെന്ന അംഗീകാരം, എം.എ ഹിസ്റ്ററിയിൽ മൂന്നാം റാങ്ക്, സിവിൽ സർവീസ് വിദ്യാർത്ഥി... തൃപ്പൂണിത്തുറ പേട്ട സ്വദേശി പി.കെ. സിദ്ധാർത്ഥ് എന്ന 24കാരനാണ് എഴുത്തിലും പഠനത്തിലും ഒരുപോലെ മികവ് കാട്ടുന്നത്. 2019-21 കാലയളവിൽ എഴുതിയത് 150ലേറെ കവിതകൾ. 10 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത് 2019ൽ.
പ്രണയിക്കാത്ത പ്രണയ കവി
ആറാം ക്ലാസിൽ കുട്ടിക്കവിതകൾ എഴുതിത്തുടങ്ങിയ സിദ്ധാർത്ഥ് 12 സമാഹാരങ്ങളിൽ പ്രണയം വിഷയമാക്കി. എങ്കിലും ജീവിതത്തിൽ പ്രണയിച്ചിട്ടില്ലെന്ന് സിദ്ധാർത്ഥ് പറയുന്നു. ഇംഗ്ലീഷ് കവിതകൾ വായിച്ചാണ് എഴുതാൻ ശീലിച്ചത്. കീറ്റ്സും വേർഡ്സ്വർത്തും കോൾഡ്രിഡ്ജും ടി.എസ്. ഏലിയട്ടുമൊക്കെയാണ് എഴുത്തിൽ സ്വാധീനിച്ചത്. ബിരുദ പഠനകാലത്താണ് ആദ്യമായി കവിത പ്രസിദ്ധീകരിച്ചത്.
2020ൽ 30 രചനകൾ ഉൾപ്പെടുത്തി ആദ്യ കവിതാ സമാഹാരം ദി സോൾഫുൾ മെലഡീസ് പുറത്തിറക്കി. ഫാളിംഗ് ഇൻ ലൗവ് വിത്ത് യു, ഓഹ് ഡോണ, ബിനീത്ത് ദോസ് തൗസൻഡ് സ്റ്റാർസ്, മൈ സ്പിരിറ്റ് സിംഗ്സ് ഇൻ സോളിറ്റിയൂഡ് അങ്ങനെ നീളും സിദ്ധാർത്ഥിന്റെ കവിതാ സമാഹാരങ്ങൾ.
കേന്ദ്രമന്ത്രി വി. മുരളീധരനുൾപ്പെടെ പുസ്തകങ്ങൾ കൈമാറി. സോഷ്യോളജിയിൽ ബിരുദവും ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. അറിയപ്പെടുന്ന ക്വിസ് മാസ്റ്റർ കൂടിയാണ് സിദ്ധാർത്ഥ്. ഷിപ്പിംഗ് കമ്പനി ജീവനക്കാരായ അച്ഛൻ പി.കെ. സേതുമാധവനും അമ്മ സ്മിത സേതുവും ഇൻഫോപാർക്ക് ജീവനക്കാരനായ അനുജൻ ശരത്തും എഴുത്തിൽ പിന്തുണയുമായി ഒപ്പമുണ്ട്.