കൊല്ലണമെന്ന് ആഗ്രഹിക്കുന്നവരാണ് ആരോപണം ഉന്നയിക്കുന്നത്,​ ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് സൈബി ജോസ്

Wednesday 01 February 2023 8:33 PM IST

കോട്ടയം: ജഡ്‌ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് പിന്നിൽ തന്നെ കൊല്ലണമെന്ന് ആഗ്രഹിക്കുന്നവരെന്ന് പ്രതികരണവുമായി അഡ്വ. സൈബി ജോസ് കിടങ്ങൂർ. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയാണെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അഭിഭാഷക അസോസിയേഷൻ പ്രസിഡന്റായ സൈബി ജോസ് പ്രതികരിച്ചു.

താൻ അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് ആയപ്പോൾ മുതൽ തുടങ്ങിയ വേട്ടയാടലാണ്. ഒരു സിസ്‌റ്റത്തെ തന്നെ വേട്ടയാടുകയാണ്. വീടിനടുത്ത് താമസിക്കുന്നയാളാണ് ഗൂഢാലോചനയ്‌ക്ക് പിന്നിൽ. കേസിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നും പരാതി നൽകിയത് കക്ഷികളല്ല അഭിഭാഷകരാണെന്നുമാണ് സൈബി പ്രതികരിച്ചത്. താൻ ജീവിക്കുന്ന രക്തസാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി ജഡ്‌ജിമാരായ ജസ്‌റ്റിസ് പി.വി കുഞ്ഞികൃഷ്‌ണൻ,​ ജസ്‌റ്റിസ് മുഹമ്മദ് മുഷ്‌താഖ്,​ ജസ്‌റ്റിസ് സിയാദ് റഹ്‌മാൻ എന്നിവർക്ക് നൽകാനായി കക്ഷികളിൽ നിന്ന് 77 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം ഉയർന്നത്. പരാതിയിൽ എജിയുടെ നിർദ്ദേശപ്രകാരമാണ് കേസെടുക്കുന്നത്. ഹൈക്കോടതി രജിസ്‌ട്രാർ ജനറൽ ഡിജിപിയ്‌ക്ക് നൽകിയ പരാതിയിലാണ് കേസ്. ഉത്തരവ് പിന്നാലെയിറങ്ങും. ഐപിസി 420,​ അഴിമതി നിരോധന നിയമം സെക്ഷൻ ഏഴ് എന്നീ വകുപ്പുകളനുസരിച്ച് കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. താൻ കേസന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും കേസെടുത്തതിനെ സ്വാഗതം ചെയ്യുന്നുവെന്നുമാണ് സൈബി പ്രതികരിച്ചത്.