വയനാട്ടിലെ സ്വകാര്യതോട്ടത്തിൽ കടുവ ചത്തനിലയിൽ, ജഡം കണ്ടെത്തിയത് കഴുത്തിൽ കുരുക്ക് മുറുകിയ തരത്തിൽ
Wednesday 01 February 2023 9:14 PM IST
കൽപ്പറ്റ: വയനാട് നെന്മേനി പാടിപറമ്പിലെ സ്വകാര്യതോട്ടത്തിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. കഴുത്തിൽ കുരുക്ക് മുറുകിയ നിലയിലാണ് ജഡം കണ്ടെത്തിയത്. ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്.
പൊന്മുടി കോട്ട ഭാഗത്ത് വളർത്തുമൃഗങ്ങളെ കൊന്ന കടുവയാണിതെന്ന് സംശയമുണ്ട്. വനം വകുപ്പ് സ്ഥലത്തെത്തി കടുവയുടെ ജഡം പോസ്റ്റുമോർട്ടത്തിനായി ബത്തേരി ഫോറസ്റ്റ് ലാബിലേയ്ക്ക് കൊണ്ടുപോയി. നാളെ വെറ്ററിനറി സർജനെത്തി പോസ്റ്റുമോർട്ടം നടത്തും. കടുവ ചത്തത് എങ്ങനെയാണെന്ന് പരിശോധനകൾക്ക് ശേഷമേ വ്യക്തമാകുയെന്ന് വനംവകുപ്പ് അറിയിച്ചു.
പൊന്മുടി കോട്ട, അമ്പുകുത്തി പ്രദേശങ്ങളിൽ കഴിഞ്ഞ കുറേ നാളായി കടുവ സാന്നിദ്ധ്യമുണ്ടായിരുന്നു. കടുവശല്യം രൂക്ഷമായപ്പോൾ പിടികൂടാൻ മൂന്ന് കൂടുകളും എട്ട് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു. രണ്ടു കടുവകൾ പ്രദേശത്തുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചതാണ്.