കേരള ചിക്കൽ മലപ്പുറത്തും; ഇനി ന്യായവിലയ്ക്ക് കോഴിയിറച്ചി

Thursday 02 February 2023 12:18 AM IST

മലപ്പുറം: ഇറച്ചിക്കോഴികളെ വളർത്തുന്നത് മുതൽ വിപണിയിലെത്തിക്കുന്നത് വരെയുള്ള പ്രവർത്തനങ്ങളിൽ കുടുംബശ്രീയെ ഇടപെടുത്തുന്ന സംസ്ഥാന സർക്കാരിന്റെ കേരള ചിക്കൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഈമാസം നാലിന് രാവിലെ 10 ന് നിറമരുതൂർ സുർ പാലസ് ഓഡിറ്റോറിയത്തിൽ മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിക്കും.

നിലമ്പൂർ, പെരിന്തൽമണ്ണ,വണ്ടൂർ, കാളികാവ് ബ്ലോക്കുകളിലായി, കുടുംബശ്രീ വനിതകളുടെ പേരിൽ ലൈസൻസുള്ള 25 ഫാമുകളാണ് കേരള ചിക്കൻ പദ്ധതിയിൽ നിലവിൽ ജില്ലയിലുള്ളത്. ഇവിടേക്ക് കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെയും അവയ്ക്കാവശ്യമായ തീറ്റയും മരുന്നും പ്രതിരോധ വാക്‌സിനും എത്തിക്കും. പരമാവധി 5,​000 കോഴികളെയാണ് ഒരു ഫാമിൽ വളർത്തുക. 45ദിവസം പ്രായമാവുമ്പോൾ കുടുംബശ്രീ ഔട്ട്‌ലെറ്റുകളിൽ എത്തിച്ചാണ് വിൽപ്പന. ഫാമുകളുടെ നിലവാരം, ശുചിത്വം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സൂപ്പർവൈസർമാർ ഉറപ്പാക്കും.

കുടുംബശ്രീ അംഗങ്ങൾക്ക് വ്യക്തിഗത സംരംഭമായും ഗ്രൂപ്പ് സംരംഭമായും കേരള ചിക്കൻ ഫാം തുടങ്ങാം. ഒരു യൂണിറ്റിന് 1.5 ലക്ഷം രൂപ അനുവദിക്കും. 24 മാസമാണ് തിരിച്ചടവ് കാലാവധി. തമിഴ്‌നാട്ടെ വമ്പൻ ലോബികൾ നിയന്ത്രിക്കുന്ന ബ്രോയിലർ ഫാം മേഖലയിൽ കുടുംബശ്രീയുടെ സ്വാധീനം വർദ്ധിക്കുന്നതോടെ വിലക്കയറ്റം തടയാനാവുമെന്നാണ് പ്രതീക്ഷ. വാർത്താസമ്മേളനത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജാഫർ.കെ.കക്കൂത്ത്,​ ജില്ലാ പ്രോഗ്രാം മാനേജർ ലൈവ്‌ലിഹുഡ് മൻഷൂബ,​ സുജിത പങ്കെടുത്തു.