ശബരിമല വിമാനത്താവളം: പാരിസ്ഥിതികാഘാത പഠനം തുടങ്ങി

Wednesday 01 February 2023 10:25 PM IST

തിരുവനന്തപുരം‌: ശബരിമല വിമാനത്താവളത്തിന്റെ പാരിസ്ഥിതികാഘാത പഠനം ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പദ്ധതി പ്രദേശത്ത് നടത്തിയ ജിയോ ടെക്നിക്കൽ പഠനത്തിൽ സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയം, ഡി.ജി.സി.എ, എയർപോർ‌ട്ട് അതോറിട്ടി ഒഫ് ഇന്ത്യ എന്നിവ ആവശ്യപ്പെട്ട വിവരങ്ങൾ കെ.എസ്.ഐ.ഡി.സി നൽകി. മന്ത്രാലയത്തിൽ നിന്ന് ഉടൻ സൈറ്റ് ക്ളിയറൻസ് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിലും സമീപത്തുമായുള്ള 2570 ഏക്കറിലാണ് വിമാനത്താവളം സ്ഥാപിക്കുകയെന്നും മാണി.സി.കാപ്പൻ, പി.ജെ.ജോസഫ്, മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.

കേന്ദ്രാനുമതി കിട്ടുന്ന മുറയ്ക്ക് സിൽവർ ലൈൻ പദ്ധതിയിൽ തുടർനടപടികൾ സ്വീകരിക്കും. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമത്തിന്റെ നിബന്ധനകൾ പാലിച്ചായിരിക്കും ന‌ടപടികൾ. ഭൂമി നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും. പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്കയും എതിർപ്പും പരിഹരിക്കും. 50 വർഷത്തിനകം തിരിച്ചടയ്ക്കാവുന്ന വ്യവസ്ഥയിൽ വായ്പ എടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വായ്പാ സമാഹരണത്തിന്റെ സാമ്പത്തിക ബാദ്ധ്യത കേരളം ഏറ്റെടുക്കാമെന്ന് കേന്ദ്രത്തെ അറിയിച്ചി‌ട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement
Advertisement