ഫെഡറൽ ബാങ്കിന് ഐ.സി.എ.ഐ പുരസ്‌കാരം
കൊച്ചി: ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് മികവിന് ഫെഡറൽ ബാങ്കിന് ഐ.സി.എ.ഐയുടെ സിൽവർ ഷീൽഡ് പുരസ്‌കാരം . സ്‌മോൾ ഫിനാൻസ് ബാങ്കുകൾ ഒഴികെയുള്ള സ്വകാര്യ ബാങ്കുകളുടെ വിഭാഗത്തിലാണ് ഈ നേട്ടം. തുടർച്ചയായി രണ്ടാം തവണയാണ് ബാങ്കിന് ഈ പുരസ്‌കാരം ലഭിക്കുന്നത്.
സ്ഥാപനങ്ങൾ അവരുടെ സാമ്പത്തിക പ്രസ്താവനകൾ തയ്യാറാക്കുമ്പോൾ സ്വീകരിക്കുന്ന അക്കൗണ്ടിംഗ് രീതികൾ, വെളിപ്പെടുത്തുന്നതിന് സ്വീകരിച്ച നയങ്ങൾ, സാമ്പത്തിക പ്രസ്താവനകളുടെ അവതരണം തുടങ്ങിയവയ്‌ക്കൊപ്പം വാർഷിക റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്ന മറ്റ് വിവരങ്ങളും വിലയിരുത്തി ഐ.സി.എ.ഐയുടെ വിദഗ് ദ്ധ ജൂറിയാണ് അവാർഡിന് തിരഞ്ഞെടുക്കുന്നത്.
ഉത്തർപ്രദേശിലെ വരാണസിയിൽ നടന്ന ചടങ്ങിൽ ബാങ്കിന്റെ ഗ്രൂപ്പ് പ്രസിഡന്റും സി.എഫ്.ഒയുമായ വെങ്കടരാമൻ വെങ്കടേശ്വരൻ, ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ഫിനാൻഷ്യൽ റിപോർട്ടിംഗ് ഹെഡുമായ മണികണ്ഠൻ എം. എന്നിവർ ചേർന്ന് ആയുഷ് മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ഡോ. ദയാ ശങ്കർ മിശ്രയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. യു.പി ഗതാഗത മന്ത്രി ദയ ശങ്കർ സിംഗ് ഐ.സി.എ.ഐ പ്രസിഡന്റ് ഡോ. ദെബാശിഷ് മിത്ര, റിസർച്ച് കമ്മിറ്റി ചെയർമാൻ അനുജ് ഗോയൽ എന്നിവരും പങ്കെടുത്തു.
സാമ്പത്തിക വിവരങ്ങൾ തയ്യാറാക്കുന്നതിലും അവതരിപ്പിക്കുന്നതിലുമുള്ള മികവിനെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിനായി ഐ.സി.എ.ഐ ഏർപ്പെടുത്തിയിട്ടുള്ള അഭിമാനകരമായ പുരസ്‌കാരങ്ങളിലൊന്നാണിത്. സുതാര്യവും കർശനവുമായ മൂന്ന് ഘട്ട പരിശോധനകളിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഏറ്റവും പ്രശംസിക്കപ്പെടുന്ന ബാങ്കായി മാറുക എന്ന ലക്ഷ്യസാക്ഷാത്കാരത്തിന്റെ ചുവടുവയ്പ്പാണ് പുരസ്‌കാരമെന്ന് വെങ്കടരാമൻ വെങ്കടേശ്വരൻ പറഞ്ഞു.