വിഷമകാലത്തെ മികച്ച ബഡ്ജറ്റ്

Thursday 02 February 2023 1:46 AM IST
വിഷമകാലത്തെ മികച്ച ബഡ്ജറ്റ്

കൊച്ചി: വിഷമകാലത്തെ മികച്ച ബഡ്ജറ്റാണിതെന്ന് പ്രമുഖ ധനകാര്യ വിദഗ്ദ്ധനും ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റുമായ ഡോക്ടർ വി.കെ. വിജയകുമാർ പറഞ്ഞു. സ്ഥിരനിക്ഷേപ ലക്ഷ്യം 5.9 ശതമാനമാക്കുന്ന ധനപരമായ ഏകീകരണം, 2024 സാമ്പത്തിക വർഷത്തേക്കുള്ള മൂലധന ചെലവുകളിൽ 24 ശതമാനം എന്ന വൻതോതിലുള്ള വർദ്ധന, 80 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യ ധാന്യ വിതരണം തുടരാനും ഇടത്തരക്കാർക്ക് നികുതിയിളവു നൽകാനുമുള്ള തീരുമാനം എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ബഡ്ജറ്റ് എന്ന ഖ്യാതിയാണ് നൽകുന്നത്. ഭയപ്പെട്ടതുപോലെ ഓഹരികളിൽ നിന്നുള്ള ലാഭത്തിന് ഏർപ്പെടുത്തിയ എൽ.ടി.സി.ജി നികുതി വർദ്ധിപ്പിക്കാതിരുന്നത് ഓഹരി വിപണിയിൽ ആഹ്‌ളാദം പകർന്നു. ടാക്‌സ് റിബേറ്റ് ലിമിറ്റ് അഞ്ച് ലക്ഷം എന്നുള്ളത് ഏഴ് ലക്ഷം വരെയായി വർദ്ധിപ്പിച്ചത് ശ്രദ്ധേയമാണ്. പ്രായോഗികമായി നോക്കിയാൽ ഈ സ്ലാബ് തിരഞ്ഞെടുക്കുന്ന ഏഴ് ലക്ഷം വരെ വരുമാനമുള്ള ആളുകൾക്ക് ടാക്‌സ് കൊടുക്കേണ്ടി വരില്ല. അതിലേക്ക് കൂടുതൽ ആളുകൾ വരുമെന്നാണ് കരുതുന്നത്. പഴയ സ്‌കീമിലുള്ളവർക്ക് പുതിയ സ്‌കീമിലേക്ക് മാറാൻ പര്യാപ്തമായ ഇളവുകൾ ബഡ്ജറ്റിലുണ്ട്. അങ്ങനെയൊരു മാറ്റമുണ്ടാകേണ്ടത് അനിവാര്യവുമാണെന്ന് വിജയകുമാർ പറഞ്ഞു.