എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ബഡ്ജറ്റ്: എം.എ. യൂസഫലി

Thursday 02 February 2023 12:50 AM IST

തിരുവനന്തപുരം: സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വ്യത്യസ്ത മുൻഗണനാ മേഖലകളെയും ഉൾക്കൊള്ളുന്നതാണ് കേന്ദ്ര ബഡ്ജറ്റെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി​ പറഞ്ഞു.

കണക്ടിവിറ്റി, ഭക്ഷ്യസുരക്ഷ, നൈപുണ്യ വികസന മേഖലകൾ എന്നിവ ശക്തിപ്പെടുത്തുന്നതിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളാണ് ബഡ്ജറ്റിനെ വ്യത്യസ്തമാക്കുന്നത്. 50 പുതിയ വിമാനത്താവളങ്ങൾ, ജലഗതാഗത പാതകളുടെ വികസനം എന്നിവ ഇന്ത്യയുടെ സാമ്പത്തിക, സാമൂഹിക ഘടനയിൽ വലിയ സ്വാധീനം ചെലുത്തും. ആഗോള ബിസിനസുകളെയും നിക്ഷേപകരെയും ആകർഷിക്കുന്ന ഒരു പ്രധാന കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം കൂടുതൽ ഉയരും. ഭക്ഷ്യസുരക്ഷയാണ് കാർഷിക മേഖലയ്ക്കും സമൂഹത്തിനും ദീർഘകാല നേട്ടമുണ്ടാക്കുന്ന മറ്റൊരു പ്രധാന മേഖല.

പ്രാഥമികമായി യുവജനങ്ങൾക്ക് പ്രാമുഖ്യമുള്ള രാജ്യമെന്ന നിലയിൽ ദേശിയ ഡിജിറ്റൽ ലൈബ്രറി, നൈപുണ്യ വികസന കേന്ദ്രങ്ങൾ, പുതിയ നഴ്സിംഗ് കോളേജുകൾ തുടങ്ങിയ മേഖലകളിൽ ബഡ്ജറ്റ് കൂടുതൽ ഊന്നൽ നൽകിയിട്ടുണ്ട്. ബഡ്ജറ്റ് ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം കൂടുതൽ ശക്തിപ്പെടുത്തും. നമ്മുടെ സാമ്പത്തിക വികസനത്തിനും തൊഴിൽ മേഖലയ്ക്കും ഉപകാരപ്രദമാകുന്ന വിധത്തിൽ രാജ്യത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരും.