അദാനി ബഡ്ജറ്റ്: കെ.സി. വേണുഗോപാൽ

Thursday 02 February 2023 12:55 AM IST

തിരുവനന്തപുരം:: വിലക്കയറ്റവും തൊഴിലില്ലായ്മയും പണപ്പെരുപ്പവും നിയന്ത്രിക്കുന്നതിന് ഒരു പരിഹാരവും നിർദ്ദേശിക്കാത്തതാണ് കേന്ദ്ര ബഡ്ജറ്റെന്ന് എ.ഐ.സി.സി.ജനറൽ സെക്രട്ടി കെ.സി വേണുഗോപാൽ എം.പി.പറഞ്ഞു.

കർഷകരെ പൂർണ്ണമായും മറന്നു. അവർക്ക് വേണ്ടി കാര്യമായ പ്രഖ്യാപനങ്ങളോ വായ്പകൾ എഴുതിത്തള്ളുന്നതിനേക്കുറിച്ച് പരാമർശമോ ഇല്ലാത്തത് നിർഭാഗ്യകരമാണ്. പാവങ്ങളെ തഴഞ്ഞ് അദാനി കേന്ദ്രീകൃത ബജറ്റാണ് അവതരിപ്പിച്ചത്. ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായുള്ള ധനവിഹിതം കുറച്ച് ഘട്ടം ഘട്ടമായി ഇല്ലായ്മ ചെയ്യാനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത്.

2025ൽ അഞ്ച് ട്രില്യൺ എന്ന ലക്ഷ്യം ഇന്ത്യ കൈവരിക്കുമെന്ന ബി.ജെ.പിയുടെ വാഗ്ദാനം വെറും പൊള്ളയാണ്. ഇനിയുള്ള രണ്ടു വർഷം 19.5 ശതമാനം വളർച്ച കൈവരിച്ചാൽ മാത്രമേ ഇന്ത്യക്ക് 2025ൽ ഈ ലക്ഷ്യത്തിലെത്താൻ കഴിയൂ. എന്നാൽ നിലവിലെ സാമ്പത്തിക വളർച്ചാ നിരക്ക് 6 ശതമാനം മാത്രമാണ്. ഇതോടെ ബി.ജെ.പിയുടെ മറ്റൊരു വാഗ്ദാനം കൂടി ചാപിള്ളയായി മാറി. ഇലക്ട്രിക് കാറുകൾക്ക് ഇളവ് നൽകുന്നതിന്റെ പ്രയോജനം സമ്പന്നർക്ക് മാത്രമാണെന്നും വേണുഗോപാൽ പറഞ്ഞു.