സർവതല സ്പർശിയായ ബഡ്ജറ്റ്: കെ.സുരേന്ദ്രൻ

Thursday 02 February 2023 12:01 AM IST

തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റ് എല്ലാ മേഖലകളേയും സ്പർശിക്കുന്നതാണെന്നും രാജ്യത്തിന്റെ വളർച്ചയ്ക്ക് കരുത്തേകുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ചത് റബർ വില കൂടാൻ കാരണമാകും. ഇത് കേരളത്തിലെ റബർ കർഷകർക്ക് ആശ്വാസകരമാണ്. 63,000 പ്രാഥമിക സഹകരണ സംഘങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നത് കേരളത്തിലെ സഹകരണ മേഖലയിലെ തട്ടിപ്പുകൾ തടയുന്നതിനും ആധുനികവത്കരണത്തിനും തൊഴിലവസരങ്ങൾ വർദ്ധിക്കുന്നതിനും സഹായിക്കും. സ്വയം സഹായ സംഘങ്ങളിലൂടെ സ്ത്രീശാക്തീകരണമാണ് മോദി സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ആവശ്യത്തിന് പിൻവലിക്കാൻ സാധിക്കുന്ന രീതിയിൽ സ്ത്രീകൾക്ക് ഉയർന്ന പലിശ നിരക്കിൽ സ്ഥിരനിക്ഷേപം എന്നത് സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയ്ക്ക് കാരണമാകും. മത്സ്യസമ്പാദ്യ പദ്ധതിയിലൂടെ 6000 കോടി മാറ്റിവച്ചത് കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമാകും. ആദിവാസി വിഭാഗത്തിന്റെ സാമൂഹ്യ പുരോഗതിക്ക് 15000 കോടി മാറ്റിവച്ചതും മികച്ച നീക്കമാണ്.