തൊഴിലുറപ്പ് പദ്ധതിക്ക് ദയാവധം: കെ.സുധാകരൻ

Thursday 02 February 2023 12:05 AM IST

തിരുവനന്തപുരം: രാജ്യത്ത് പാവപ്പെട്ടവരായ ജനകോടികൾക്ക് അത്താണിയായ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറച്ച് ദയാവധം നടത്തിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി.

യു.പി.എ സർക്കാർ പാവപ്പെട്ട ജനങ്ങളെ പട്ടിണിയിൽ നിന്ന് കൈപിടിച്ചുയർത്തിയ പദ്ധതി മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ദയാരഹിതമായി ഇല്ലായ്മ ചെയ്യുകയാണ്. 2022-23ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 89,400കോടിയായിരുന്നത് 60,000കോടിയായാണ് വെട്ടിക്കുറച്ചത്. നൂറുദിവസം തൊഴിൽ നിഷേധിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണിത്.

പാവപ്പെട്ടവരെ കൂടുതൽ ദരിദ്രരും പണക്കാരെ കൂടുതൽ സമ്പന്നരുമാക്കുന്നതുമാണ് കേന്ദ്ര ബഡ്ജറ്റ്. അതിസമ്പന്നരുടെ നികുതിയിലുള്ള സർചാർജ് 37ശതമാനത്തിൽ നിന്ന് 25ശതമാനമാക്കി കുറച്ച് അവരെ സഹായിച്ചു. സാധാരണക്കാർക്ക് പ്രതീക്ഷിച്ച പോലുള്ള ആദായനികുതി ഇളവ് ലഭിച്ചതുമില്ല. അദാനിയുടെ കമ്പനികളുടെ തകർച്ചയെത്തുടർന്ന് ആടിയുലഞ്ഞ ഓഹരി വിപണിക്ക് ആത്മവിശ്വാസം പകരുന്ന തിരുത്തൽ നടപടികൾ ബഡ്ജറ്റിലില്ല. കർഷകർ,യുവജനങ്ങൾ,തൊഴിൽരഹിതർ തുടങ്ങി സാധാരണക്കാരെ നിരാശരാക്കി.

ലോക്ക്ഡൗണും കൊവിഡും കൊണ്ട് തകർന്നുപോയ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് കൈത്താങ്ങ് ലഭിച്ചില്ല. ലോകത്ത് അതിവേഗം വളരുന്നുവെന്ന് അവകാശപ്പെടുന്ന സമ്പദ്ഘടനയിൽ ജനങ്ങൾ നാണ്യപ്പെരുപ്പം കൊണ്ട് വീർപ്പുമുട്ടുകയാണെന്നും സുധാകരൻ പറഞ്ഞു.