പോസ്റ്റൽ വോട്ടുകൾ കാണാതാകൽ: ഇലക്‌ഷൻ കമ്മിഷന്റെ നിലപാടു തേടി

Thursday 02 February 2023 12:10 AM IST

കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ സാധുവായ 482 പോസ്റ്റൽ വോട്ടുകൾ കാണാതായ സംഭവത്തിൽ കോടതിയുടെയോ തിരഞ്ഞെടുപ്പു കമ്മിഷന്റെയോ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നജീബ് കാന്തപുരം എം.എൽ.എ നൽകിയ ഹർജിയിൽ ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മിഷന്റെ നിലപാടു തേടി. കമ്മിഷൻ ഏഴു ദിവസത്തിനകം നിലപാട് അറിയിക്കാൻ നിർദ്ദേശിച്ച് ജസ്റ്റിസ് എ. ബദറുദ്ദീൻ ഹർജി ഫെബ്രുവരി പത്തിന് പരിഗണിക്കാൻ മാറ്റി.

പെരിന്തൽമണ്ണയിൽ നിന്ന് നജീബ് കാന്തപുരത്തെ തിരഞ്ഞെടുത്തതിൽ ക്രമക്കേടുണ്ടെന്നാരോപിച്ച്, എതിർ സ്ഥാനാർത്ഥിയായിരുന്ന ഇടതു സ്വതന്ത്രൻ കെ.പി.എം. മുസ്‌തഫ ഹർജി നൽകിയിരുന്നു. ഈ ഹർജിയിലെ നടപടികൾക്കിടെയാണ് പോസ്റ്റൽ വോട്ടുകൾ കാണാതായ സംഭവം പുറത്തു വന്നത്.

ലീഗ് സ്ഥാനാർത്ഥിയായിരുന്ന നജീബ് കാന്തപുരം 38 വോട്ടുകൾക്കാണ് വിജയിച്ചത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് 340 പോസ്റ്റൽ വോട്ടുകൾ എണ്ണാതെ മാറ്റിവച്ചെന്നും ഇതിൽ 300 ഓളം വോട്ടുകൾ തനിക്കാണ് ലഭിച്ചതെന്നും കെ.പി.എം മുസ്തഫയുടെ ഹർജിയിൽ പറയുന്നു.