പന്തളം ബൈപാസ് റോഡ് : നവീകരണത്തിനൊരുങ്ങി

Thursday 02 February 2023 12:27 AM IST

പന്തളം : നഗരസഭാ കാര്യാലയത്തിന് മുന്നിൽ നിന്ന് എം.സി റോഡിൽ എൻ.എസ്.എസ് കോളേജിന് മുന്നിലെത്തത്തുന്ന ബൈപാസ് റോഡിന്റെ നവീകരണത്തിനു തുടക്കമായി. പ്രാരംഭ നടപടിയായി റോഡ് അളന്നു തിട്ടപ്പെടുത്തുന്ന പണികൾ ആരംഭിച്ചു. ഈ ഭാഗത്ത് പുറമ്പോക്ക് ഭൂമിയുണ്ടെങ്കിൽ അത് കണ്ടെത്തും. റോഡിന്റെ വശത്ത് ഓട നിർമ്മാണവും കോൺക്രീറ്റിംഗും നടത്തും.

മഴക്കാലത്ത് വെള്ളംക്കെട്ടിക്കിടക്കുന്നത് റോഡിന് ഇരുവശങ്ങളിലുമുള്ള കച്ചവടക്കാരെയും യാത്രക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിച്ചിരുന്നു. നഗരസഭാ കാര്യാലയത്തിന് എതിർവശത്ത് റോഡിന്റെ തുടക്കത്തിൽ വെള്ളക്കെട്ട് പതിവാണ്. ഓടയില്ലാത്തതിനാൽ വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതാണ് കാരണം. ഈ ഭാഗത്ത് ഇരുവശങ്ങളിലുമുള്ള കടകൾക്കുള്ളിലേക്കും വെള്ളം കയറും. മൂന്നടിയിലേറെയാണു പലപ്പോഴും കടകളിൽ വെള്ളം ഉയരുന്നത്. കോളേജിന് എതിർഭാഗം, തെക്കേ പെട്രോൾ പമ്പ് എന്നീ ഭാഗങ്ങളിൽ നിന്നുൾപ്പെടെയുള്ള മഴവെള്ളം ഒഴുകിയെത്തുന്നതും ഇവിടേയ്ക്കാണ്. മുമ്പുണ്ടായിരുന്ന ഓട സ്വകാര്യ വ്യക്തികൾ കയ്യേറി നികത്തിയതാണ് പ്രശ്‌നങ്ങൾക്കു കാരണം. നഗരസഭാ സ്ഥിരംസമിതി അദ്ധ്യക്ഷരായ രാധാ വിജയകുമാർ, ബെന്നി മാത്യു, കൗൺസിലർ രശ്മി രാജീവ് എന്നിവരുടെ നേതൃത്വത്തിൽ താലൂക്ക് സർവേയർ സുഭാഷ്.വി, നഗരസഭാ ഉദ്യോഗസ്ഥൻ സുനിൽ കുമാർ വി.ആർ എന്നിവർ ചേർന്നാണ് റോഡ് അളന്നു തിട്ടപ്പെടുത്തിയത്.

പദ്ധതി ചെലവ് : 3,20,488 രൂപ