സാങ്കേതിക സർവകലാശാലയിലെ താത്കാലിക വി.സി നിയമനം: സർക്കാരിന്റെ അപ്പീൽ മാറ്റി
Thursday 02 February 2023 1:37 AM IST
കൊച്ചി: സാങ്കേതിക സർവകലാശാലയിൽ ഡോ. സിസ തോമസിനെ താത്കാലിക വി.സിയായി ചാൻസലർ നിയമിച്ചത് ശരിവച്ച സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫെബ്രുവരി ഒമ്പതിന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.
സാങ്കേതിക സർവകലാശാല വി.സി ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടൊണ് താത്കാലിക വി.സിയുടെ നിയമനം വേണ്ടിവന്നത്. ഈ സാഹചര്യത്തിൽ വി.സിയുടെ ചുമതല പ്രോ വി.സിക്കോ മറ്റേതെങ്കിലും സർവകലാശാല വി.സിക്കോ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കോ നൽകണമെന്നാണ് സർവകലാശാല നിയമത്തിൽ പറയുന്നത്. ഇതിന് വിരുദ്ധമായി ചാൻസലർ സ്വന്തം നിലയ്ക്ക് ഡോ. സിസ തോമസിനെ നിയമിച്ചുവെന്ന് അപ്പീലിൽ പറയുന്നു.