18 കായികതാരങ്ങൾക്ക് സർക്കാർ നിയമനം

Wednesday 01 February 2023 11:50 PM IST

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിൽ താൽക്കാലിക നിയമനം ലഭിച്ച 15 കായിക താരങ്ങൾക്ക് താൽക്കാലിക തസ്തികകളും സൂപ്പർ ന്യൂമററി തസ്തികകളും സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

വിരമിച്ച 16 കായിക താരങ്ങൾക്ക് ക്ലാർക്ക് തസ്തികയിൽ നേരത്തേ താൽക്കാലിക നിയമനം നൽകിയിരുന്നു. കേസിൽ പെട്ട ഒരാളൊഴികെ 15 പേരെ ഉൾക്കൊള്ളിക്കാൻ സ്ഥിരം ഒഴിവ് ഉണ്ടാകുന്നത് വരെയോ പരമാവധി ഒരു വർഷത്തേക്കോ 15 താൽക്കാലിക ക്ലാർക്ക് തസ്തികകൾ സൃഷ്ടിക്കാനാണ് അനുമതി. ആക്ടീവ് സ്‌പോർട്സിൽ തുടരുന്ന മൂന്ന് പേർക്ക് അവരെ നിയമിച്ച ഓഫീസുകളിൽ സൂപ്പർ ന്യൂമററി തസ്തികകൾ സ്യഷ്ടിക്കും.

നടപടിക്രമം ലഘൂകരിച്ചു

സർക്കാരുമായി ബന്ധപ്പെട്ട ഓഫീസുകളിൽ വ്യക്തിയുടെ സത്യപ്രസ്താവന ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്നത് വൺ ആൻഡ് ദി സെയിം സർട്ടിഫിക്കറ്റിന് പകരം ഉപയോഗിക്കാം. അപേക്ഷകൻ ആവശ്യപ്പെട്ടാൽ വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ് നൽകുന്നത് തുടരും.

 കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് വീട്

കീഴടങ്ങിയ വയനാട് സ്വദേശി മാവോയിസ്റ്റ് രാമു എന്ന ലിജേഷിന് വീട് നിർമ്മിച്ച് നൽകും. സ്ഥലം എറണാകുളം ജില്ലാ പൊലീസ് മേധാവി കളക്ടറുമായി കൂടിയാലോചിച്ച് കണ്ടെത്താൻ മന്ത്രിസഭായോഗം നിർദേശിച്ചു. വീട് നിർമ്മിക്കാൻ എറണാകുളം കളക്ടറെ ചുമതലപ്പെടുത്തി. പരമാവധി 15 ലക്ഷം രൂപ അനുവദിക്കും. 2018 മേയ് 25ന് ഇറങ്ങിയ ഉത്തരവ് പ്രകാരം മാവോയിസ്റ്റ് കേഡറുകൾക്കായി കീഴടങ്ങൽ പുനരധിവാസ പദ്ധതിക്ക് സർക്കാർ അനുമതി നൽകിയിരുന്നു. കീഴടങ്ങിയ ലിജേഷിന് ആനുകൂല്യങ്ങളും അനുവദിച്ചിരുന്നു.