അടൂരിൽ കോംപാക്ട് സ്പോർട്സ് കോംപ്ളക്സ് നിർമ്മിക്കുമെന്ന് മന്ത്രി

Wednesday 01 February 2023 11:53 PM IST

അടൂർ : നിയോജക മണ്ഡലത്തിൽ കരാട്ടേ, കളരി, ജ്യൂഡോ, യോഗ, ബോക്സിംഗ്, വുഷു എന്നിവ സമന്വയിപ്പിച്ച് കോംപാക്ട് സ്പോർട്സ് കോംപ്ളക്സ് നിർമ്മിക്കുന്ന പദ്ധതി അടുത്ത സാമ്പത്തിക വർഷം പരിഗണിക്കുമെന്ന് കായിക മന്ത്രി വി.അബ്ദറഹ്മാൻ ഡെപ്യൂട്ടി സ്പീക്കറെ അറിയിച്ചു. പാരമ്പര്യ ആയോധന കലകൾ എല്ലാം ഉൾപ്പെടുത്തി ഇത്തരമൊരു പദ്ധതി അനിവാര്യമാണെന്ന് സൂചിപ്പിച്ച് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നൽകിയ നിവേദനത്തെ തുടർന്നാണ് ഇൗ ഉറപ്പ്. പദ്ധതിക്ക് ആവശ്യമായ സ്ഥലവും മറ്റും സമയബന്ധിതമായി ക്രമീകരിച്ചു നൽകുമെന്നും നിവേദനത്തിൽ ഉറപ്പ് കൊടുത്തിരുന്നു. കൊടുമൺ സ്റ്റേഡിയത്തോടൊപ്പം അനുമതി ലഭിച്ച അടൂർ ഇന്റർ നാഷണൽ സ്റ്റേഡിയനിർമ്മാണം ആരംഭിക്കുന്നതിനുള്ള തടസങ്ങളും നീങ്ങി. ഇതിനായി നഗരസഭ കണ്ടെത്തിയ സ്ഥലം നിലമായതിനാൽ നീർത്തട സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് പ്രത്യേക അനുമതി ലഭിക്കുന്നതിന് കാലതാമസം നേരിട്ടു. കഴിഞ്ഞ ദിവസം കൃഷിവകുപ്പിൽ നിന്ന് അനുബന്ധ വിഷയത്തിൽ അനുമതി ലഭ്യമായി. ഇന്റർനാഷണൽ നിലവാരത്തിൽ അടൂരിൽ ഇൻഡോർ സ്റ്റേഡിയം സാദ്ധ്യമാകുന്ന സാഹചര്യത്തിൽ അതുമായി ബന്ധപ്പെടുത്തിയാണ് അടൂരിൽ കോംപാക്ട് സ്പോർട്സ് കോംപ്ളക്സ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്. അടൂരിനെ സമ്പൂർണ കായിക വികസന മണ്ഡലമായി മാറ്റുന്നതിനുള്ള സാദ്ധ്യതയാണ് ഇതോടെ തെളിഞ്ഞിരിക്കുന്നതെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു.